'അഞ്ചുതവണ തുടർച്ചയായി വിജയിച്ചു, ഇനി മത്സരിക്കില്ല'; പുതിയ തലമുറയ്ക്കായി വഴിമാറുന്നുവെന്ന് കോൺഗ്രസ് നേതാവ്

Sunday 26 October 2025 4:40 PM IST

ഇടുക്കി: പുതിയ തലമുറയ്ക്ക് അവസരം നൽകുന്നതിനുവേണ്ടി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിർണായക തീരുമാനം അറിയിച്ചിരിക്കുന്നത്. ജനപ്രതിനിധി എന്ന നിലയ്ക്ക് 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്നും കോൺഗ്രസ് പാർട്ടിയുടെ സീറ്റ് ലഭിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം കുറിച്ചു.

ഇരുപത്തിയഞ്ചാം വയസിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തുടങ്ങിയ മത്സരം അൻപതാം വയസിൽ അവസാനിപ്പിക്കുമ്പോൾ നിരവധിയായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചത് അഭിമാനത്തോടെ ഓർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വർഷം ഗ്രാമപഞ്ചായത്ത് അംഗമായും 15 വർഷം ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായതും ഭാഗ്യമാണെന്നും കുറിപ്പിൽ പറയുന്നു.

ഷാജി പൈനാടത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം

പുതിയ തലമുറയ്ക്ക് വഴിമാറുന്നു. ജനപ്രതിനിധി എന്ന നിലയ്ക്ക് ഞാൻ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ( 10 വർഷം ഗ്രാമപഞ്ചായത്ത് അംഗമായും 15 വർഷം ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായും )5 പ്രാവിശ്യം കോൺഗ്രസ്‌ പാർട്ടിയുടെ സീറ്റ് ലഭിച്ചത് ഒരു വലിയ കാര്യമാണ്. 5 തവണ തുടർച്ചയായി ജയിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യവും.

പുതിയ തലമുറയ്ക്ക് അവസരം നൽകാൻ വേണ്ടി ഇത്തവണ തദ്ദേശയസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർത്ഥിയായി ഉണ്ടാവില്ല. 5 തവണത്തെ എന്റെ വിജയത്തിൽ 3 തവണയും പശുമല നിവാസികൾ നൽകിയ സ്നേഹം മറക്കാനാവില്ല. ഇരുപത്തിയഞ്ചാം വയസിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തുടങ്ങിയ മത്സരം അൻപതാം വയസിൽ അവസാനിപ്പിക്കുമ്പോൾ നിരവധിയായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചത് അഭിമാനത്തോടെ ഓർക്കുകയാണ്.

1. ഗവ. പ്രത്യേക ഉത്തരവിലൂടെ വഞ്ചിവയലിലെ സ്കൂൾ കുട്ടികൾക്ക് ബസ്. 2. വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ന് ആംബുലൻസ്. 3. കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ന് പുതിയ മൂന്ന് വാർഡുകൾ / ലാബ് /ഫാർമസി കെട്ടിടങ്ങൾ. 4. കമ്മ്യൂണിറ്റി സെന്റർ അനക്സിൽ മാലിന്യ കൂമ്പാരം ഇട്ടിരുന്ന സ്ഥലത്ത് പുതിയ 3 നില കെട്ടിടം. 5. അഴുത ബ്ലോക്ക്‌ പഞ്ചായത്തിന് പുതിയ കെട്ടിടം കോൺഫറൻസ് ഹാൾ. 6. അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ന് പുതിയ ഓഫീസ് കെട്ടിടം. 7. എട്ട് സാംസ്‌കാരിക നിലയങ്ങൾ. 8. വണ്ടിപ്പെരിയാർ ഗവണ്മെന്റ് LP സ്കൂളിനും UP സ്കൂളിനും സ്മാർട്ട്‌ ക്ലാസ്സ്‌ റൂം. 9. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈ സ്കൂളിന് ബാന്റ് സെറ്റ് വാങ്ങി നൽകി കൂടാതെ ടീ സ്കൂളിലേക്ക് ശൗചാലയവും നിർമ്മിച്ചുനൽകി. 10. കുമിളി കൈരളി വായനശാലയ്ക്ക് പുതിയകെട്ടിടം. 11. സേനകളിൽ കുട്ടികൾക്ക് ജോലി ലഭ്യമാകുവാൻ പരിശീലനപരിപാടി. 12. കുട്ടികൾക്ക് ബാഡ്മിന്റൺ കോച്ചിംഗ് ക്ലാസുകൾ. 13. നിരവധിയായ റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ. 14.വണ്ടിപ്പെരിയാറ്റിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിയ്ക്കാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞാൻ മത്സരിച്ചപ്പോൾ എല്ലാം എന്റെ തോളോട് തോൾ ചേർന്ന് നിന്ന് എന്നെ ജയിപ്പിക്കാൻ കഠിന പരിശ്രമം നടത്തിയ എന്റെ സഹപ്രവർത്തകർ നല്ലവരായ വോട്ടർമാർ, എല്ലാവർക്കും നന്ദി രാഷ്ട്രീയ പ്രവർത്തകനായി, ട്രേഡ് യൂണിയൻ പ്രവർത്തകൻ ആയി തുടർന്നും ഞാൻ നിങ്ങളിൽ ഒരുവനായി ഉണ്ടാകും...നന്ദി ഷാജി പൈനാടത്ത്