ശബരിമല സ്വർണക്കവർച്ച; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നെെ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരുവനന്തപുരത്ത് എത്തിച്ചു. ക്രെെംബ്രാഞ്ചിന്റെ ഈഞ്ചക്കൽ ക്യാമ്പ് ഓഫീസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാടാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം, ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കർണാടകയിലെ ശ്രീറാംപുര വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരു ശ്രീറാംപുരത്തെ ഫ്ലാറ്റിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തെ വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ഹൈക്കോടതിയിൽ ഉടൻ ഹാജരാക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും വ്യാപാരിയുമായ ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നും സ്വർണം കണ്ടെടുത്തിരുന്നു. 500 ഗ്രാമിലേറെ ഭാരം വരുന്ന സ്വർണക്കട്ടികളാണ് കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ സ്വർണ്ണക്കൊളളയിൽ പങ്കില്ലെന്നും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ടെന്നും ഗോവർദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.