മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും വിട്ടുനിൽക്കണം,​ താരങ്ങൾക്ക് ആശാ പ്രവർത്തകരുടെ തുറന്ന കത്ത്

Sunday 26 October 2025 7:33 PM IST

തിരുവനന്തപുരം : നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതി ദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ നിന്ന് നടൻമാരായ മോഹൻലാൽ. മമ്മൂട്ടി,​ കമൽഹാസൻ എന്നിവർ നിട്ടുനിൽക്കണമെന്ന് ആശാപ്രവർത്തകർ ആവശ്യപ്പെട്ടു. ചടങ്ങിൽ പങ്കെടുക്കാൻ ഇവർ ക്ഷണിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ആശാപ്രവർത്തകർ തുറന്ന കത്തുമായി രംഗത്തെത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പോരാളികളെ വന്നു കാണണമെന്നും മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത ,​ മക്കളെ പഠിപ്പിക്കാൻ കഴിയാത്ത,​ മാരകരോഗം വന്നാൽ അതിജീവിക്കാൻ കെല്പില്ലാത്ത,​ കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു. ചടങ്ങിൽ പങ്കെടുക്കുന്നത് വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും. അതു കൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനിൽക്കണമെന്നും ആശാപ്രവർത്തകർ ആവശ്യപ്പെട്ടു.

കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ,​ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.