കൗതുകമായി കുരങ്ങനും മയിലും
മട്ടാഞ്ചേരി: വഴി തെറ്റിയെത്തിയ മയിലും കുരങ്ങനും വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചിക്ക് കൗതുകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഫോർട്ടുകൊച്ചിയിലെ മരച്ചില്ലകളിലും മട്ടുപ്പാവുകളിലുമായാണ് കുരങ്ങൻ വസിക്കുന്നത്. ഭക്ഷണത്തിനായി താഴെയിറങ്ങുമെങ്കിലും ഉപദ്രവകാരിയല്ലെന്ന് വഴിയോര കച്ചവടക്കാർ പറയുന്നു. ചരക്ക് വണ്ടിയിൽ വഴിതെറ്റിയെത്തിയതാണ് കുരങ്ങൻ. പൊരിച്ച ഭക്ഷണയിനങ്ങളും പഴങ്ങളുമാണ് ഭക്ഷണം. ആദ്യം കാക്കക്കൂട്ടങ്ങൾ കുരങ്ങിനെ ഉപദ്രവിക്കുമായിരുന്നെങ്കിലും നാട്ടുകാർ ഇടപെട്ടതോടെ ഇത് ഒഴിവായി.
തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് ലോറിയിലെത്തിയ മയിൽ മാസങ്ങളായി കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ പറന്നു നടക്കുകയാണ്. മട്ടാഞ്ചേരി, ചെറളായി, അമരാവതി, വെളി മേഖലകളാണ് മയിലിന്റെ വിഹാരകേന്ദ്രം. ആകാശത്ത് മഴമേഘം നിറഞ്ഞപ്പോൾ മയിൽ നൃത്തമാടിയതും കൊച്ചിക്കാർക്ക് കാഴ്ചവിരുന്നായി. വീടുകളുടെ മട്ടുപ്പാവുകളിലും തുറസായ സ്ഥലങ്ങളിലുമെത്തുന്ന മയിലിനെ കാണാനും ചിത്രങ്ങളെടുക്കാനും നാട്ടുകാർക്കൊപ്പം സഞ്ചാരികളും ആവേശത്തിലാണ്.
കച്ചവടക്കാരും സ്കൂൾ കുട്ടികളും പൊലീസും ഇരുവർക്കും ഭക്ഷണം നല്കി സന്തോഷം പങ്കിടുന്നുണ്ട്. വിനോദസഞ്ചാര സീസൺ തുടങ്ങിയതോടെ ഫോർട്ടുകൊച്ചി - മട്ടാഞ്ചേരി മേഖലയിലെത്തുന്ന വിനോദസഞ്ചാരികൾക്കും കുരങ്ങനും മയിലും കൗതുക കാഴ്ചയായും മാറുന്നു.