അണിഞ്ഞൊരുങ്ങുന്നു... കൽപ്പാത്തി
പാലക്കാട്: വീണ്ടുമൊരു തേരുകാലമെത്തി... അണിഞ്ഞൊരുങ്ങാൻ തയ്യാറെടുത്ത് കൽപ്പാത്തി അഗ്രഹാര വീഥികൾ. ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. നവംബർ 14, 15, 16 തീയതികളിലാണ് വർണാഭമായി അലങ്കരിച്ച ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം. 16ന് വൈകിട്ട് രഥസംഗമം നടക്കും. 17ന് ആറാട്ടോടുകൂടി കൽപ്പാത്തി രഥോത്സവം കൊടിയിറങ്ങും.
രഥോത്സവത്തോട് അനുബന്ധിച്ച് തേരുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചുകഴിഞ്ഞു. ചന്നകളുടെ (മരത്തടി കൊണ്ടുള്ള ബ്രേക്കുകൾ) നിർമ്മാണം പൂർത്തിയാക്കി ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറി. പുളി, പൂവം തടികളിലുള്ള 12 ചന്നകളാണ് നിർമ്മിച്ചിട്ടുള്ളത്. പല്ലക്കിന്റെ മിനുക്കുപണികൾ അവസാനഘട്ടത്തിലാണ്. കൊടിയേറ്റം കഴിഞ്ഞാലാണ് ചപ്രത്തിന്റെ പണി തുടങ്ങുക. കഴിഞ്ഞ 43 വർഷമായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ തേരുകളുടെ അറ്റകുറ്റപ്പണികളും മിനുക്കുപണികളും ചെയ്യുന്നത് പുത്തൂർ സ്വദേശി നടരാജനാണ്. 1982ൽ അച്ഛൻ വിശ്വാനാഥനൊപ്പം തുടങ്ങിയത് ഇന്നും തുടരുന്നു. 1996ൽ ക്ഷേത്രത്തിൽ തമിഴ്നാട്ടിൽനിന്നെത്തിയ സംഘത്തോടൊപ്പം ശിവന്റെ രഥം നിർമ്മിക്കാൻ നടരാജനും ഉണ്ടായിരുന്നു. 2012ൽ ഗണപതിയുടെ രഥം നിർമിക്കുന്നതിനും നേതൃത്വം നൽകി. പണി കഴിഞ്ഞാലും മൂന്നുദിവസം കൽപ്പാത്തിയിലെ രഥപ്രയാണത്തിനൊപ്പം ചപ്രം കയറ്റാനും ഇറക്കാനുമൊക്കെയായി നടരാജനും സംഘവും ഒപ്പമുണ്ടാകും. കൽപ്പാത്തിയെ കൂടാതെ, തിരുവനന്തപുരം നെയ്യാറ്റിൻകര, അകത്തേത്തറ, ആലത്തൂർ, പെരുങ്കുളം, ചേപ്പിലമുറി, നൂറണി തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ രഥ നിർമ്മാണത്തിലും പങ്കാളിയായി.
മുന്നൊരുക്കങ്ങൾ വിലയിരുത്തി
രഥോത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ കഴിഞ്ഞദിവസം ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കൽപാത്തിയിലെത്തി വിലയിരുത്തി. തിരക്കുനിയന്ത്രണം, സുഗമമായ രഥപ്രയാണവും ഒപ്പം ഭക്തർക്കു ദർശനവും, വഴിയോര കച്ചവടം എവിടെയൊക്കെ നിയന്ത്രിക്കണം, വാഹന പാർക്കിംഗ് സൗകര്യം ഉൾപ്പെടെ വിലയിരുത്തി. രഥപ്രയാണം നടക്കുന്ന ഗ്രാമവീഥികളിലും സംഘം പരിശോധന നടത്തി. കൽപാത്തിയിലെ റോഡ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. രഥോത്സവ സമയങ്ങളിൽ ശുദ്ധജലം, 24 മണിക്കൂർ ചികിത്സാ സൗകര്യം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പാക്കണമെന്നു കളക്ടർ നിർദേശിച്ചിരുന്നു. തിരക്കു നിയന്ത്രിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾ ടൗൺ നോർത്ത് ഇൻസ്‌പെക്ടർ എം.ബി.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദീകരിച്ചു.