ഗാനഗന്ധർവ്വന് പൂർണ സംഗീതദിനം സമ്മാനിച്ച് സ്വരലയ പാലക്കാട്
പാലക്കാട്: മലയാളികളുടെ ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ 85-ാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹം ആലപിച്ച് അനശ്വരമാക്കിയ 85 പാട്ടുകൾ കോർത്തിണക്കി ഒരു പൂർണദിവസം നീണ്ടുനിന്ന സംഗീതവിരുന്ന് ഒരുക്കി സ്വരലയ പാലക്കാട്. ചെമ്പൈ സ്മാരക സംഗീത കോളേജിലെ എം.ഡി.രാമനാഥൻ ഹാളിൽ രാവിലെ 10ന് ആരംഭിച്ച 'യേശുദാസ് @ 85' എന്ന പരിപാടി പ്രശസ്ത സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു.
സ്വരലയ സെക്രട്ടറി ടി.ആർ.അജയൻ അദ്ധ്യക്ഷനായി. സംവിധായകനും എഴുത്തുകാരനുമായ വിനോദ് മങ്കര 'യേശുദാസും മലയാള സംഗീതവും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംഗീത കോളേജ് പ്രിൻസിപ്പൽ മനോജ്കുമാർ തൊടുപുഴ പ്രഭാഷണം നടത്തി. സ്വരലയ സംയോജകനായ പി.സത്യൻ 'യേശുദാസ് @ 85' പരിപാടിയുടെ പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് സ്വരലയ വൈസ് പ്രസിഡന്റുമാരായ പ്രൊഫ: കെ. മോഹൻദാസ് സ്വാഗതവും, കെ.വിജയൻ നന്ദിയും പറഞ്ഞു.
തുടർന്ന് രാത്രി 9വരെ നീണ്ടുനിന്ന സംഗീത വിരുന്നിൽ യേശുദാസ് ആലപിച്ച 85 ഗാനങ്ങൾ ബൽറാം, റെജി സദാനന്ദൻ, മഞ്ജു മേനോൻ, മുരളി മേനോൻ, മോഹൻ, നിഷാന്ത്, വിഷ്ണു കോയമ്പത്തൂർ, മാഹിർ, മണികണ്ഠൻ, സന്തോഷ് നമ്പ്യാർ, ജയപ്രകാശ് തുടങ്ങിയ 70 ഗായകർ ആലപിച്ചു. ജനുവരി ഒരു ഓർമ്മ എന്ന ചിത്രത്തിലെ 'സ്വാഗതം ഓതുമീ..' എന്ന ഗാനത്തിൽ തുടങ്ങി 'നീല പൊന്മാനെ..', 'ശ്യാമസുന്ദര പുഷ്പമേ..', 'ഉത്തരാ സ്വയംവരം..', 'അകലെ അകലെ നീലാകാശം..', 'ആദിയുഷസന്ധ്യ പൂത്തതിവിടെ..', 'കുടമുല്ല പൂവിനും..', 'ഹൃദയം കൊണ്ടെഴുതുന്ന കവിത..', 'തരളിത രാവിൽ മയങ്ങിയോ..', 'അമ്മാ എൻട്രഴയ്ക്കാത..', 'തൂങ്കാത വിഴികൾ..', 'നീ പാതി നാൻ പാതി..', 'കല്ല്യാണ തേൻനിലാ..', 'ഏയ് മേരെ ഉദാസ് മൻ..', 'മന ഹോ തും..' എന്നിങ്ങനെ വിവിധ ഭാഷകളിലെ ഗാനങ്ങൾ സംഗീത വിരുന്നിൽ ശ്രദ്ദേയമായി. 'തിരികെ ഞാൻ വരുമെന്ന..' എന്ന ഗാനത്തോടെയാണ് പരിപാടിക്ക് തിരശീല വീണത്.