ആരോഗ്യ നിലവാരം കൂട്ടാൻ ലോകബാങ്കിന്റെ 2458 കോടി

Monday 27 October 2025 1:41 AM IST

തിരുവനന്തപുരം: വയോധികരുടെ അടക്കം ആരോഗ്യക്ഷമത വർദ്ധിപ്പിച്ച് ആയുർദൈർഘ്യം കൂട്ടാൻ ലക്ഷ്യമിട്ട് സംസ്ഥാനം ആവിഷ്കരിച്ച ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാമിനാണ് 2,458 കോടിയുടെ ലോകബാങ്ക് വായ്പയ്ക്ക് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചത്. മരണനിരക്ക് കുറയ്ക്കാനും 11 ദശലക്ഷം വയോധികരുടെയും ദുർബലരുടെയും ജീവിത നിലവാരം, ആയുർദൈർഘ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയാണിത്.

20 വർഷത്തിലേറെയായി നവജാതശിശു മരണനിരക്ക് (1,000ൽ 3.4), ശിശുമരണനിരക്ക് (1,000ൽ 4.4), അഞ്ചു വയസിന് താഴെയുള്ള മരണനിരക്ക് (1,000ൽ 5.2), മാതൃമരണ നിരക്ക് (1,00,000ൽ 19) എന്നിവയിൽ സംസ്ഥാനം മെച്ചപ്പെട്ട നിലവാരത്തിലെത്തിയെങ്കിലും പലതരത്തിൽ മറ്റു മരണങ്ങൾ വർദ്ധിക്കുന്നു. രക്താതിമർദ്ദം, പ്രമേഹം, ക്യാൻസർ, അമിത വണ്ണം അടക്കം വെല്ലുവിളിയാണ്. ഈ പ്രതിസന്ധിയുൾപ്പെടെ മറികടക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 20%ലധികം പ്രായമായവരാണ്.

ഒരുവർഷം മുമ്പ് ലോകബാങ്കിന് സമർപ്പിച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഉയർന്ന സാക്ഷരതാ നിരക്ക്, പൊതുജനാരോഗ്യ അവബോധം, വികേന്ദ്രീകൃത ഭരണം എന്നിവ കേരളത്തിന്റെ ആരോഗ്യ മുന്നേറ്റത്തിന് കരുത്തായിട്ടുണ്ടെന്ന് വിലയിരുത്തിയാണ് വായ്‌പ അനുവദിച്ചത്. വായ്പയ്ക്ക് 25 വർഷത്തെ തിരിച്ചടവ് കാലാവധിയുണ്ട്. അഞ്ചു വർഷത്തെ ഗ്രേസ് പിരീഡും ലഭിക്കും.

രക്താതിമർദ്ദം, ക്യാൻസർ ചെറുക്കും

രക്താതിമർദ്ദത്തിനും പ്രമേഹത്തിനും രജിസ്റ്റർ ചെയ്തിട്ടുള്ള 90 ശതമാനത്തിലധികം രോഗികളെയും വ്യക്തിഗത ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനത്തിലൂടെ നിരീക്ഷിച്ച് പദ്ധതിവഴി ചികിത്സ ഉറപ്പാക്കും. കിടപ്പിലായവർക്കും ദുർബലരായവർക്കും ആരോഗ്യ സേവനങ്ങൾ വീടുകളിൽ ലഭ്യമാക്കും. സ്ത്രീകളിൽ സെർവിക്കൽ, സ്തനാർബുദ പരിശോധന 60% വർദ്ധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ആന്റിബയോട്ടിക് ഉപയോഗത്തിനായി സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ നടപ്പാക്കും. ജന്തുജന്യ രോഗ വ്യാപനം തടയും.

ട്രോമാ കെയറിനും ഉപയോഗിക്കാം

പ്രതിവർഷം റോഡ് അപകടങ്ങളിൽ 4,000ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനത്ത് അടിയന്തര ട്രോമാ പരിചരണത്തിലുള്ള പോരായ്മ പരിഹരിക്കാനും വായ്പാത്തുക വിനിയോഗിക്കാം

കാലാവസ്ഥാ ആഘാതങ്ങളെ പ്രതിരോധിക്കുന്ന കൂടുതൽ സമഗ്രമായ ആരോഗ്യ സംവിധാനം രൂപീകരിക്കാനും വിനിയോഗിക്കാം.

വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തി കടുത്ത ചൂടും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന രോഗബാധ തടയാനും പദ്ധതി