ജില്ലാ സ്കൂൾ ശാസ്‍ത്രമേള ഇന്നുമുതൽ മിഴി തുറക്കാം ശാസ്ത്ര ലോകത്തേക്ക്
കോഴിക്കോട്: ശാസ്‍ത്രബോധവും അറിവും സംയോജിപ്പിച്ച് കുട്ടി ശാസ്ത്രജ്ഞർ ഒരുക്കിയ കുട്ടി കണ്ടുപിടിത്തങ്ങളുമായി ജില്ലാ സ്‍കൂൾ ശാസ്‍ത്ര, ഗണിതശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര, ഐടി, പ്രവൃത്തിപരിചയ മേളകൾക്ക് ഇന്ന് തിരിതെളിയും. ഇന്ന് മുതൽ 29 വരെ മീഞ്ചന്തയിലേയും ചെറുവണ്ണൂരിലേയും വിവിധ സ്കൂളുകളിലായാണ് മേള നടക്കുക. നാളെ ആർ.കെ. മിഷൻ ഹയർസെക്കൻഡറി സ്കൂളിൽ എം.കെ. രാഘവൻ എം.പി. മേള ഉദ്ഘാടനം ചെയ്യും. മീഞ്ചന്ത ജി.വി.എച്ച്. എസിലാണ് സൻസ് മേള നടക്കുക. ഗണിതശാസ്ത്രമേള ചെറുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും സാമൂഹ്യശാസ്ത്രമേള പരപ്പിൽ എം.എം.വി.എച്ച്.എസിലും പ്രവൃത്തിപരിചയമേള ആർ.കെ.മിഷൻ സ്‌കൂളിലും നടക്കും. ഐ.ടി. മേളയിൽ ആറ് ഇനങ്ങളാണുള്ളത്. വി.എച്ച്.എസ്.സി സ്കിൽ ഫെസ്‌റ്റിവൽ ചെറുവണ്ണൂർ ഗ വ. ഹയർസെക്കൻഡറി സ്കൂളിലും അരങ്ങേറും. വിദ്യാർത്ഥികളുടെ വൊക്കേഷനൽ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനോടൊപ്പം കരിയർ ഫെസ്റ്റ്. സെമിനാറുകൾ, ഉത്പ്പന്ന സ്‌റ്റാളുകൾ എന്നിവയും സംഘടിപ്പിക്കും. വിവിധ ഉപജില്ലകളിൽ നിന്നായി മൂവായിരത്തോളം മത്സരാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും.