ശ്മശാനം നടത്തിപ്പുകാർ നെട്ടോട്ടത്തിൽ ചിരട്ടയുണ്ടോ ചിരട്ട
പാലക്കുന്ന്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കയറുന്നതോടൊപ്പം ചിരട്ടകൾ അമൂല്യ വസ്തുവായി അപ്രത്യക്ഷമാകുന്നതിൽ
ശ്മശാന നടത്തിപ്പുകാർ ആശങ്കയിൽ. യഥേഷ്ടം ലഭ്യമായിരുന്ന ചിരട്ടകൾ അപൂർവ വസ്തുവായതോടെ അത് ഉപയോഗിച്ച് ശവ സംസ്ക്കാരം നടത്തി വരുന്നവരാണ് ആശങ്കയിലായത്.
ഒരു കിലോ ചിരട്ടയ്ക്ക് മാർക്കറ്റ് വില 30നും 35രൂപയ്ക്കും മധ്യേയാണിപ്പോൾ. ഒരു ചിരട്ടയ്ക്ക് ഒരു രൂപ. നിലവിലെ സാഹചര്യത്തിൽ അത് ഇനിയും കൂടാനാണ് സാദ്ധ്യത. കരകൗശല, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, ചിരട്ടക്കരി, ജലശുദ്ധീകരണം തുടങ്ങിയവയ്ക്കാണ് ചിരട്ട ഉപയോഗിക്കുന്നത്. മത്സ്യ മാംസാദികൾ ഗ്രില്ലിൽ വേവിക്കാനും ചിരട്ട വേണം. നാളികേരത്തിന്റെ ലഭ്യതക്കുറവും നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് പറയുന്നു.
1200 മുതൽ 1500 വരെ ചിരട്ടകൾ ഒരു ശവദാഹത്തിന് വേണ്ടിവരുമെന്ന് അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. വിവിധ ആവശ്യങ്ങൾക്കായി ചിരട്ടകൾ കയറ്റി അയയ്ക്കുന്നതാണ് ഈയിടെയായി ക്ഷാമമുണ്ടാകാൻ കാരണം.
കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവർ വലിയ വാഹനങ്ങളുമായി ചിരട്ട വാങ്ങാൻ ജില്ലയിൽ എത്തുന്നുണ്ട്. സമീപ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചിരട്ടകൾ കയറ്റി അയക്കുന്നത് കൂടിയിട്ടുണ്ടത്രേ. ചിരട്ട കള്ളന്മാരും നാട്ടിൽ ഇപ്പോൾ ഏറെയുണ്ടത്രേ.
പാലക്കുന്ന് കഴകത്തിൽ ഉദുമ, ചെമ്മനാട്, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിൽ തീയ സമുദായങ്ങൾക്ക് മാത്രമായി 32 പ്രാദേശിക സമിതികളിൽ പകുതിയോളം പ്രദേശങ്ങളിൽ ഒറ്റയായും സംയുക്തമായും ഒട്ടേറെ ശ്മാശാനങ്ങളുണ്ട്. അതിനായുള്ള പ്രത്യേക കമ്മിറ്റികളുടെ നിയന്ത്രണത്തിലാണിവയുടെ നടത്തിപ്പ്. ആ കമ്മിറ്റികൾ അതത് പ്രാദേശിക സമിതികളിലെ വീടുകളിൽ വണ്ടിയുമായി ചെന്ന് ചിരട്ടകൾ സംഭരിക്കുകയാണ്. വരും നാളുകളിൽ ചിരട്ടകൾ കിട്ടാത്ത സ്ഥിതി വന്നാലുള്ള ആശങ്കയിലാണ് ശ്മശാന നടത്തിപ്പുകാർ.