മെഗാ ലയനത്തിന് പൊതുമേഖല ബാങ്കുകൾ

Monday 27 October 2025 12:08 AM IST

പൊതുമേഖല ബാങ്കുകളുടെ എണ്ണം 12ൽ നിന്ന് നാലായി ചുരുങ്ങും

കൊച്ചി: പൊതുമേഖല ബാങ്കുകളുടെ ലയന നടപടികൾക്ക് അടുത്ത സാമ്പത്തിക വർഷം തുടക്കമാകും. ആഗോള തലത്തിൽ മത്സരിക്കാൻ കരുത്തും ഉയർന്ന ധന ശേഷിയുമുള്ള വമ്പൻ ബാങ്കുകൾ സൃഷ്‌ടിക്കാനാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം നിലവിലെ 12ൽ നിന്ന് നാലിലേക്ക് ചുരുങ്ങും. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ), പഞ്ചാബ് നാഷണൽ ബാങ്ക്(പി.എൻ.ബി), കനറാ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നിവയിലേക്ക് ചെറുകിട പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. ഇന്ത്യൻ ഓവർസീസ് ബാങ്ക്(ഐ.ഒ.ബി), സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര തുടങ്ങിയ ബാങ്കുകളെയാണ് വലിയ ബാങ്കുകൾ ഏറ്റെടുക്കുക. സ്വകാര്യവൽക്കണ, ലയന നടപടികളിലൂടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം പരമാവധി നാലായി കുറയ്ക്കണമെന്ന് നീതി ആയോഗ് നിർദേശിച്ചിരുന്നു.

ധനകാര്യ മേഖലയുടെ പരിഷ്‌കരണ നടപടികളുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി വായ്പാ വിതരണം ശക്തിപ്പെടുത്തുന്നതിന് കരുത്തും സുസ്ഥിരതയുമുള്ള ബാങ്കുകൾ സൃഷ്‌ടിക്കാൻ ലയനത്തിലൂടെ കഴിയുമെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ധനമന്ത്രാലയത്തിൽ നിന്ന് യാതൊരു നിർദേശങ്ങളും ലഭിച്ചിട്ടില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.

ഓഹരി വിൽപ്പന ഊർജിതമാക്കും

അഞ്ച് പ്രധാന പൊതുമേഖല ബാങ്കുകളുടെ തുടർ ഓഹരി വിൽപ്പന(ഫോളോ ഒൺ ഇഷ്യു) ഉടൻ നടക്കും. ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ഐ.ഒ.ബി, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് എന്നിവയിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് ആലോചിക്കുന്നത്. റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള പരിധിയിൽ പൊതുമേഖല ബാങ്കുകളിലെ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കും.

ഇതുവരെ ലയിപ്പിച്ചത് ആറ് ബാങ്കുകൾ

2017 മുതൽ 2020 വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാർ പത്ത് പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലാക്കിയിരുന്നു. ഇതോടെ മൊത്തം പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ൽ നിന്ന് 12ലേക്ക് കുറഞ്ഞു.

ഓഹരി വിൽപ്പനയിലൂടെ ലക്ഷ്യമിടുന്നത്

10,000 കോടി രൂപ

വികസിത ഭാരത ലക്ഷ്യം

2047ൽ ഇന്ത്യ വികസിത രാജ്യമായി മാറുമ്പോൾ ആഗോള തലത്തിലെ ഏറ്റവും വലിയ ഇരുപത് ബാങ്കുകളുടെ പട്ടികയിലേക്ക് രണ്ട് പൊതുമേഖല ബാങ്കുകളെ എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. നിലവിൽ ലോകത്തിലെ വലിയ ബാങ്കുകളുടെ പട്ടികയിൽ എസ്.ബി.ഐ 43ാം സ്ഥാനത്താണ്.