സി.ബി.എസ്.ഇ കലോത്സവം: സിൽവർ ഹിൽസ് സ്കൂൾ ചാമ്പ്യന്മാർ
കോഴിക്കോട്: പാടിയും പറഞ്ഞും എഴുതിയും വരച്ചും പരസ്പരം മാറ്റുരച്ച സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൽ കലാകിരീടം സിൽവർ ഹിൽസ് പബ്ലിക് സ്കൂളിന്. രണ്ടു ദിനങ്ങളിലായി ചെത്തുകടവ് കെ.പി.സി.എം ശ്രീനാരായണ വിദ്യാലയത്തിൽ നടന്നുവന്ന മലബാർ സഹോദയ സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൽ 857 പോയിന്റ് നേടിയാണ് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. 808 പോയിന്റുകൾ നേടി ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 619 പോയിന്റുകൾ നേടി ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി. 467 പോയിന്റുകൾ നേടി പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂൾ, മാങ്കാവ് ശ്രീഗോകുലം പബ്ലിക് സ്കൂൾ നാലാം സ്ഥാനവും ആതിഥേയരായ ചെത്തുകടവ് കെ പി ചോയി മെമ്മോറിയൽ ശ്രീനാരായണ സ്കൂൾ (444) അഞ്ചാം സ്ഥാനവും നേടി. സമാപന സംഗമം ശ്രീനാരായണ എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് പി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാനടനും സംവിധായകനുമായ വിനീത് കുമാർ സമ്മാനദാനം നിർവഹിച്ചു. മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ജിഷ ചോലക്കമണ്ണിൽ, നന്ദകുമാർ, വിപിൻ, കെ.പി ഷക്കീല, സിന്ധു ബി.പി, സലീൽ ഹസൻ, പി.സി.അബ്ദുറഹ്മാൻ, ഫാദർ ബിനോയ് ഫ്രാൻസിസ്, ഷജീന വി, റജിനാ സൂപ്പി, റാഷിദ് ഇബ്രാഹിം നേതൃത്വം നൽകി. ഡോ. അനസ് സ്വാഗതവും ടി.എം സഫിയ നന്ദിയും പറഞ്ഞു.
അഞ്ചു വിഭാഗങ്ങളിലായി നാലു വേദികളിൽ ആവിഷ്കരിക്കപ്പെട്ട കലോത്സവത്തിൽ അറുപത്തിയേഴ് സ്കൂളുകളിൽ നിന്നും ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ നാലായിരത്തിലധികം കുട്ടികളാണ് മത്സരിക്കാനെത്തിയത്. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ജേതാക്കൾ നവംബർ പന്ത്രണ്ട് മുതൽ പതിനഞ്ച് വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ സ്കൂളിൽ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി.
മലബാർ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഇന്റർ സ്കൂൾ മാഗസിൻ മത്സരത്തിലും സിൽവർ ഹിൽസ് പബ്ലിക് സ്കൂളാണ് ഒന്നാം സ്ഥാനം നേടിയത്. പുതിയങ്ങാടി അൽ ഹറമൈൻ പബ്ലിക് സ്കൂൾ, ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.