വിലകൂടിയ മദ്യം, ബിയറുകള്‍, സ്റ്റിക്കറില്ലാത്തത്, കാലപ്പഴക്കം ചെന്നവ; ബിവറേജസ് ഗോഡൗണില്‍ സംഭവിച്ചത്
ആറ്റിങ്ങല്‍: ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വലിയകുന്നിലെ വെയര്‍ഹൗസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത 50 കെയിസ് മദ്യം. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ 25 അംഗ സംഘമാണ് ആറ്റിങ്ങലിലും റെയ്ഡ് നടത്തിയത്. കാലപ്പഴക്കം ചെന്നതും സ്റ്രിക്കര്‍,ലേബല്‍ എന്നിവയില്ലാത്തതുമായ മദ്യം,ബിയറുകള്‍,വിലയേറിയ മദ്യം എന്നിവ കണ്ടെത്തി.
40,000 കെയ്‌സ് സൂക്ഷിക്കേണ്ട സ്ഥലത്ത് 60,000 കെയ്‌സുകളാണ് കണ്ടെത്തിയത്. ഇവ കണക്കില്‍ ഉള്‍പ്പെട്ടതാണെങ്കിലും 50 കെയ്‌സുകള്‍ കണക്കില്‍പ്പെടാത്തവയാണെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. ക്രമക്കേടുകളെക്കുറിച്ച് പരിശോധന തുടരുകയാണെന്നും വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. നാളെയും റെയ്ഡ് തുടരും. വില കൂടെയ മദ്യം ബിയറുകള്‍, കാലപ്പഴക്കം വന്നതും, സ്റ്റിക്കര്‍ ലേബല്‍ എന്നിവയില്ലാത്ത മദ്യ കെയിസുകള്‍ എന്നിവയാണ് കണക്കില്‍ പെടാതെ കിടക്കുന്നത്.
2 മാസം മുമ്പ് നടത്തിയ പരിശോധനയില്‍ സ്റ്റോക്കില്‍ വലിയ വ്യത്യാസം കണ്ടിരുന്നു. ഇവ ക്രമപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി ലോറിയില്‍ നിന്ന് മദ്യം ഇറക്കിരുന്നില്ല. അതേസമയം, യഥാസമയം മടക്കി അയയ്‌ക്കേണ്ടവയും നശിപ്പിക്കേണ്ടതുമായ മദ്യമാണ് അധികമായി കണ്ടെത്തിയതെന്ന് സ്റ്റോര്‍ അധികൃതര്‍ പറഞ്ഞു.
ആറ്റിങ്ങലില്‍ നടക്കുന്നത് സംഘടിത കൊള്ള
രണ്ട് മാസം മുമ്പ് നടത്തിയ സ്റ്റോക്കെടുപ്പില്‍ മുന്തിയ വിദേശ മദ്യക്കുപ്പികള്‍ പലതും കാണാതായതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.വി.എസ്. അജിത് കുമാര്‍ ആരോപിച്ചു. വര്‍ഷങ്ങളായി തുടരുന്ന കൊള്ള തടയാന്‍ എം.ഡി നേരിട്ട് അന്വേഷണം നടത്തണമെന്ന് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.