തൊഴിൽ മേളകൾ

Monday 27 October 2025 12:16 AM IST

പത്തനംതിട്ട : കുടുംബശ്രീ വിജ്ഞാനകേരളം 'ഹയർ ദ ബെസ്റ്റ്' പദ്ധതിയുടെ ഭാഗമായി പുളിക്കീഴ്, ഇലന്തൂർ, റാന്നി ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിൽമേളകൾ സംഘടിപ്പിച്ചു. പരുമല പമ്പ ഡി ബി കോളേജ്, കാരംവേലി എസ് എൻ ഡി പി എച്ച് എസ് എസ്, റാന്നി വൈക്കം ഗവ.യു പി സ്‌കൂൾ എന്നിവിടങ്ങളിലാണ് മൂന്ന് തൊഴിൽ മേളകൾ ഒരേ ദിവസം സംഘടിപ്പിച്ചത്. മുത്തൂറ്റ്, ആദിത്യ, ഇക്കോ സേവ്,ഏഷ്യാനെറ്റ് സാറ്റലൈറ്റ്, മാരുതി പോപ്പുലർ, മൈക്രോ ലാബ്, വിഷൻ ഹോണ്ട, ആക്‌സിക്‌സ് മാക്‌സ്, മണിമുറ്റത്ത്, ബെൽസ്റ്റാർ, തുടങ്ങിയ എഴുപത് കമ്പനികൾ നേരിട്ട് പങ്കെടുത്ത മൂന്ന് തൊഴിൽ മേളകളിലായി 375 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പ്‌ളസ് റ്റു മുതൽ എല്ലാ യോഗ്യതയുമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി തസ്തികകളിലേക്കുള്ള 2000 ഒഴിവുകൾ ആണ് ഈ തൊഴിൽ മേളകളിൽ ലഭ്യമാക്കിയിരുന്നത്. വിവിധ കമ്പനികളുടെ 520 അഭിമുഖം നടന്നതിൽ 103 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുകയും, 267 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.