തെരച്ചിൽ നിഷ്ഫലം: പമ്പാ നദിയിൽ അനസിനെ കാണാതായി​ട്ട് 14 ദിവസം

Monday 27 October 2025 12:20 AM IST

കോഴഞ്ചേരി : ചെറുകോൽപ്പുഴയ്ക്ക് സമീപം പമ്പാനദി​യി​ൽ കാഞ്ഞീറ്റുകര ശ്രീധർമ്മശാസ്താ ക്ഷേത്ര ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം വിതുര തുളിക്കോട് അനസ് മൻസിലിൽ മുഹമ്മദ് അനസി​നെ കാണാതായി​ട്ട് 14 ദി​വസം. അടയ്ക്കയും പഴങ്ങളും കർഷകരിൽ നിന്ന് ശേഖരിച്ച് വ്യാപാരം ചെയ്തു വന്നിരുന്ന അനസും സുഹൃത്ത് അയൂബും പ്രദേശവാസി​ ഹരികുമാറുമൊത്ത് കഴിഞ്ഞ 13ന് വൈകി​ട്ട് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങവെ ഒഴുക്കിൽ പെടുകയായിരുന്നു. നീന്തൽ വശമില്ലാത്ത അനസി​നെ രക്ഷിക്കാൻ ഹരികുമാർ ശ്രമിച്ചെങ്കിലും നദി​യി​ൽ കാണാതായി​. ഫയർഫോഴ്സും സ്കൂബാ ടീമും ആറ് ദിവസം നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലാ കളക്ടർ ഇടപെട്ട് രണ്ടുദിവസം നേവിയുടെ ടീം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അനസിന്റെ ഇളയ സഹോദരൻ മുഹമ്മദ് അസീം, സഹോദരി ഭർത്താവ് ഷാൻ , ഭാര്യ പിതാവ്, സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന പത്തോളം പേർ പ്രദേശത്ത് തങ്ങി ഓരോ ദിവസവും തെരച്ചിലിനൊപ്പം കൂടുകയാണ്. ഔദ്യോഗിക സംഘം തെരച്ചിൽ അവസാനിപ്പിച്ചതോടെ ഈരാറ്റുപേട്ട ആസ്ഥാനമായുള്ള നന്മക്കൂട്ടം , എമർജൻസി ടീം എന്നീ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കഴിഞ്ഞ അഞ്ചു ദിവസമായി പടിഞ്ഞാറ് വീയപുരം വരെ തെരച്ചിൽ നടത്തി. കനത്ത മഴയി​ൽ ജലനിരപ്പുയർന്നത് തെരച്ചിലിന് തടസമായി​. ഭാര്യ സജീല, പിഞ്ചു മക്കളായ അദീം (6), ഐസാൻ (2) എന്നിവരുടെ ആശ്രയമായിരുന്നു അനസ്.