വനംവകുപ്പിന്റെ സോളാർ ബാറ്ററി മോഷ്ടിച്ചവർ അറസ്റ്റിൽ
ചിറ്റാർ : ആമക്കുന്ന് വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച സോളാർ ബാറ്ററി മോഷ്ടിച്ചുവിറ്റ കേസിൽ പ്രതികൾ അറസ്റ്റിൽ.
നീലിപിലാവ് പള്ളിക്കൂടത്തിങ്കൽ വീട്ടിൽ ജലാൽ (അബ്ദുൾ ലത്തീഫ് - 50), പ്ലാംകൂട്ടത്തിൽ വീട്ടിൽ സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുമായി നടത്തിയ അന്വേഷണത്തിൽ ആക്രിക്കടയിൽ നിന്നും ബാറ്ററിക്കടയിൽ നിന്നുമായി മോഷണ മുതലുകളിൽപ്പെട്ട രണ്ടു ബാറ്ററികൾ പൊലീസ് കണ്ടെടുത്തു.
15000 രൂപയോളം വില വരുന്ന ബാറ്ററിയും ചിറ്റാർ സ്വദേശികളായ ദീപ്തി ഭവനിൽ ബാലകൃഷ്ണപിള്ളയുടെ റബർത്തോട്ടത്തിന് ചുറ്റുമുള്ള സോളാർഫെൻസിങ്ങിന്റെ 6000 രൂപയോളം വില വരുന്ന ബാറ്ററിയും പുളിമൂട്ടിൽ വീട്ടിൽ സോമരാജന്റെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന 7500 രൂപ വില വരുന്ന ബാറ്ററിയുമാണ് മോഷ്ടിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറ്റാർ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആക്രിക്കടകളും ബാറ്ററിക്കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ.അനിൽകുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകുമാർ, സുമേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്, പ്രണവ്, സജിൻ എന്നിവരുണ്ടായിരുന്നു.