മലയോരത്ത് ശല്യക്കാരനായി മലയണ്ണാൻ

Monday 27 October 2025 12:33 AM IST

കോന്നി : കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ മലയോര മേഖലയിൽ മലയണ്ണാന്റെ ശല്യവും. കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന ജനവാസ മേഖലയിലാണ് ശല്യം രൂക്ഷം.

നാളികേര കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. ഡ്രില്ലർ ഉപയോഗിച്ചു ഭിത്തി കിഴിക്കുന്നത് പോലെ മലയണ്ണാൻ തേങ്ങ കിഴിച്ചാണ് ഭക്ഷണമാക്കുന്നത്.

ദ്വാരമിട്ട നിലയിൽ തെങ്ങിൻ ചുവട്ടിൽ വീണു കിടക്കുന്ന തേങ്ങകൾ പതിവ് കാഴ്ചയായിരിക്കുന്നു. വാക്കത്തിക്ക് വെട്ടിയാൽ പൊട്ടാൻ പ്രയാസമുള്ള ചിരട്ടയാണ് മലയണ്ണാൻ തുരക്കുന്നത്. കൂട്ടമായി എത്തുന്ന മലയണ്ണാൻ മറ്റുകാർഷിക വിളകളും നശിപ്പിക്കുന്നുണ്ട്. തെങ്ങിൻ ചുവട്ടിൽ തുരന്നിട്ടിരിക്കുന്ന കരിക്കുകൾ കാണുമ്പോഴാണ് കർഷകർ മലയണ്ണാന്റെ സാന്നിദ്ധ്യം അറിയുക.

മലയണ്ണാൻ അടക്കമുള്ള വന്യജീവികളുടെ ശല്യംമൂലം കാർഷികവൃത്തി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

രവിപിള്ള, (ഐക്യ കർഷകസംഘം

സംസ്ഥാന ജോയിന്റ് സെക്രട്ടറി)