രാഹുലിനൊപ്പം വേദിപങ്കിട്ട നഗരസഭാദ്ധ്യക്ഷയെ തള്ളി ബി.ജെ.പി ജില്ലാ നേതൃത്വം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോടൊപ്പം വേദി പങ്കിട്ട് വെട്ടിലായി ബി.ജെ.പി ചെയർപേഴ്സൺ പ്രമീള ശശിധരൻ. സംഭവത്തിൽ പ്രമീളയെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ രംഗത്തെത്തി. എന്നാൽ ,കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന നിലപാടിലാണ് പ്രമീള .
കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയം ബൈപാസ് ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിൽ ചെയർ പേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമ്മിച്ചത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് കെ.എസ്.ആർ.ടി.സി ബസിന്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എം.എൽ.എ പങ്കെടുത്തിരുന്നു. എ എം.എൽ.എയെ തടയുമെന്ന നിലപാടിലായിരുന്നു ബി.ജെ.പിയും സി.പി.എമ്മും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പ്രമീള അരുതാത്തത് ചെയ്തു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ട്. പാർട്ടി വേദികളിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.പ്രമീള ശശിധരൻ ചെയർ പേഴ്സൺ എന്ന നിലയ്ക്കാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിപാടിക്ക് പോയതെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പ്രതികരിച്ചു. രാഹുൽ വരുന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞില്ലെന്നും,
വികസന കാര്യത്തിൽ രാഹുലുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.