മഴ കാരണം ഇന്ത്യ - ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു; വനിതാ ലോകകപ്പില്‍ ഇനി സെമി പോരാട്ടം

Sunday 26 October 2025 10:55 PM IST

നവി മുംബയ്: വനിതാ ലോകകപ്പ് ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ബംഗ്ലാദേശിനെതിരെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്‌സ് ആരംഭിച്ച് 8.4 ഓവര്‍ പിന്നിട്ടപ്പോള്‍ കനത്ത മഴ എത്തുകയായിരുന്നു. ഇതോടെയാണ് പിന്നീട് മത്സരം തുടരാനാകാത്ത സ്ഥിതി വന്നതും ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും. 27 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് ആണ് നേടിയത്. ഡിഎല്‍എസ് അനുസരിച്ച് ഇന്ത്യയുടെ വിജയലക്ഷ്യം 126 റണ്‍സ് ആക്കി പുനര്‍നിശ്ചയിച്ചിരുന്നു.

8.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ എത്തിയത്. സ്മൃതി മന്ദാന 34*(27), അമന്‍ജോത് കൗര്‍ 15*(25) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. നേരത്തെ ഫീല്‍ഡിംഗിനിടെ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അമന്‍ജോത് ഓപ്പണറായി എത്തിയത്. സെമിക്ക് മുമ്പ് താരം പരിക്ക് ഭേദമായി തിരിച്ചെത്തുമെന്നാണ് ഇന്ത്യന്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പില്‍ ഇനി സെമി ഫൈനല്‍ പോരാട്ടങ്ങളാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സെമിയിലെത്തിയിട്ടുള്ളത്. ഒന്നാം സെമിയില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഒക്ടോബര്‍ 29ന് ഗുവാഹത്തിയില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ 30ന് നവി മുംബയിലാണ് ഈ മത്സരം. സെമിയിലേക്ക് പ്രവേശിച്ച മൂന്ന് ടീമുകളോടും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് ഓപ്പണര്‍മാരായ സുമയ്യ അക്തര്‍ 2(6), റുബ്യാ ഹൈദര്‍ 13(32) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയ ഷര്‍മിന്‍ അക്തര്‍ 36(53) ആണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന 9(24), ശോഭന മൊസ്താറി 26(21) റണ്‍സ് വീതം നേടി. ഷൊര്‍ണ അക്തര്‍ 2(3), നാഹിദ അക്തര്‍ 3(5), റബേയ ഖാന്‍ 3(5), റിതു മൊണി 11(7) എന്നിവര്‍ പെട്ടെന്ന് പുറത്തായി.

മാറൂഫ അക്തര്‍ 2*(1), നിഷിത അക്തര്‍ 4*(5) എന്നിവര്‍ പുറത്താകാതെ നിന്നു ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രാധ യാദവ് ആണ് ബൗളിംഗില്‍ തിളങ്ങിയത്. ശ്രീ ചരണിക്ക് രണ്ട് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ രേണുക സിംഗ് ഠാക്കൂര്‍, ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.