അച്ഛന്റെ വഴിയേ ജുവലും
തിരുവനന്തപുരം: 1993ലെ സ്കൂൾ കായികമേളയിൽ മീറ്റ് റെക്കാഡോടെ സ്വർണ്ണം നേടിയ ഇ. ജെ തോമസിന്റെ മകൻ ജുവൽ തോമസിന് ഈ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ നേട്ടം.കോട്ടയം മുരിക്കുംവയൽ ഗവൺമെന്റ് വി.എച്ച്. എസ്. എസിലെ വിദ്യാർത്ഥിയായ ജുവലിന്റെ ഹാട്രിക് സ്വർണമാണിത്.
മലയോരത്തെ കല്ലും മുള്ളും നിറഞ്ഞ വഴിയിലും റബർ തോട്ടത്തിലെ ചെറിയ പിറ്റിലുമാണ് പരിശീലനം. തുടർച്ചയായി മൂന്നാം തവണയാണ് ജുവൽ സ്കൂൾ മീറ്റിൽ സ്വർണം നേടുന്നത്. നാഷണൽ മീറ്റിൽ രണ്ടു തവണ സ്വർണം നേടിയിരുന്നു. പാലായിൽ നടന്ന ജില്ലാ കായികമേളയിൽ ദേശീയ റെക്കാഡായ 2.11 മീറ്റർ കടന്ന് 2.12 ചാടിയ ജുവലിനു ഇന്നലെ 2.05 മീറ്റർ മാത്രമാണ് ചാടാനായത്.
തൃശൂർ എ.ആർ.ക്യാമ്പിലെ സിഐ മുണ്ടക്കയം ചിറ്റടി ചെറുവത്തൂർ തോമസിന്റെയും പീരുമേട് ചിദംബരം മെമ്മോറിയിൽ സ്‌കൂളിലെ അധ്യാപിക ജിതയുടെയും മകനാണ്. മുണ്ടക്കയം മേലോരം ഹൈറേഞ്ച് സ്‌പോർട്സ് അക്കാഡമിയിലെ സന്തോഷ് ജോർജാണ് ജുവലിന്റെ പരിശീലകൻ.