ചേട്ടന്റെ കൂട്ട്, വേദനയി​ലും കാർത്തി​ക് സ്വർണമെറി​ഞ്ഞി​ട്ടു

Sunday 26 October 2025 11:29 PM IST

തിരുവനന്തപുരം: സീനിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ സ്വർണം എറിഞ്ഞിട്ടശേഷം കെ. കാർത്തിക്ക് കൃഷ്ണ നേരെ പോയത് ആശുപത്രിയിലേക്കാണ്. കഴിഞ്ഞ ദിവസം ഡിസ്‌ക്‌സ് ത്രോയ്ക്കിടെ നടുവിനുണ്ടായ നീർക്കെട്ട് മൂലം നടക്കാൻപോലും കഴിയുമായിരുന്നില്ല. ഈ വേദന കടിച്ചുപിടിച്ചാണ് ഇന്നലെ തിരുവനന്തപുരം വിതുര ഗവ. വി.എച്ച്.എസ്.എസിന്റെ താരം സ്വർണത്തിൽ മുത്തമിട്ടത്.

വേദന കലശലായതോടെയാണ് ആശുപത്രിയിൽ ചികിത്സതേടിയത്. ഇന്ന് ഹാമർത്രോയിലും ഇറങ്ങുന്നുണ്ട്. 15.97 മീറ്റർ ഷോട്ട് പായിച്ചാണ് സ്വർണ ദൂരം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂനിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ടിലും സ്വർണംനേടിയിരുന്നു. ചേട്ടൻ ഹൃത്വിക് കൃഷ്ണയ്ക്ക് കീഴിലാണ് പരിശീലനം. 2023 കായികമേളയ്ക്കായുള്ള തയ്യാറെടുപ്പുകൾക്കിടെ ബൈക്ക് അപകടത്തിൽപ്പെട്ട് വലതുകൈമുട്ടിന് ഗുരുതര പരിക്കേറ്റ ഹൃത്വിക്ക് മത്സരരംഗത്തോട് വിടപറഞ്ഞതാണ്.

എന്നാൽ വിട്ടുകൊടുക്കാൻ ഹൃദ്വിക്ക് തയ്യാറായില്ല. സ്വന്തം അനിയനെ പരിശീലിപ്പിച്ച് ത്രോയിംഗ് പിറ്റിലെത്തിച്ച് സ്വർണം എറിഞ്ഞിടീച്ചു. ചേട്ടനെ കണ്ടാണ് അനിയനും ത്രോ ഇനങ്ങളിൽ മത്സരിച്ച് തുടങ്ങിയത്. അഞ്ച് വർഷമായി കായിക രംഗത്ത് മരുതുംമൂട് വിതുര സ്വദേശി. തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ എസ്.ഐ . കെ. അനീഷ്, അശ്വതി എന്നിവരാണ് മാതാപിതാക്കൾ.