തലപ്പത്ത് തലസ്ഥാനം
സ്വർണകപ്പിന് അവകാശമുറപ്പിച്ച് തിരുവനന്തപുരം
തിരുവനന്തപുരം: സ്‌കൂൾ ഒളിമ്പിക്‌സ് കൊടിയിറങ്ങാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ എതിരാളികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലെത്തി തിരുവനന്തപുരം. ഓവറാൾ ജേതാക്കൾക്ക് ആദ്യമായി ഏർപ്പെടുത്തിയ സ്വർണക്കപ്പ് ഉറപ്പായിട്ടുണ്ട്. 1610 പോയിന്റുമായാണ് കുതിപ്പ്. 182 സ്വർണം, 129 വെള്ളി, 156 വെങ്കലം എന്നിങ്ങനെയാണ് അക്കൗണ്ടിലുള്ള മെഡലുകൾ.രണ്ടാം സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ തൃശൂർ നിലമെച്ചപ്പെടുത്തി. 83 സ്വർണം, 44 വെള്ളി, 87 വെങ്കലമടക്കം 769 പോയിന്റാണ് കൈയ്യിലുള്ളത്. തൊട്ടുപിന്നിലുള്ള പാലക്കാടിന് കാര്യമായ ഇന്നലെ നേട്ടം ഉണ്ടാക്കാനായില്ല. 56 സ്വർണം, 72 വെള്ളി, 78 വെങ്കലമടക്കം 692 പോയിന്റ്.കണ്ണൂർ (686), മലപ്പുറം (637), കോഴിക്കോട് (621), എറണാകുളം (566) എന്നിങ്ങനെയാണ് പോയിന്റ് പട്ടിക.
അത്‌ലറ്റിക്സിൽ പാലക്കാട് വാശിയേറിയ 800 മീറ്റർ, ഹർഡിൽസ് മത്സരങ്ങൾ നടന്ന മൂന്നാം ദിനവും പാലക്കാടിനെ പോയിന്റ് പട്ടികയിൽ പിന്നിലാക്കാൻ മലപ്പുറത്തിന് കഴിഞ്ഞില്ല. 20 സ്വർണം, 13 വെള്ളി, 8 വെങ്കലവുമടക്കം 162 പോയിന്റുമായാണ് കുതിപ്പ്. മലപ്പുറം തൊട്ടുപിന്നിലുണ്ട്. 155 പോയിന്റ്. ശനിയാഴ്ച ഉണ്ടായിരുന്ന 112 പോയിന്റിൽ നിന്നാണ് കുതിപ്പ്. 14 സ്വർണം, 19 വെള്ളി, 21 വെങ്കലം. കോഴിക്കോട് (75), തിരുവനന്തപുരം (53), കണ്ണൂർ (38), എറണാകുളം (33), കാസർകോട് (30) എന്നിങ്ങനെയാണ് പോയിന്റ് നില.
ഐഡിയൽ റിട്ടേൺസ് സ്‌കൂളുകൾ സമഗ്രാധിപത്യവുമായി മുന്നേറിയ കോഴിക്കോട് സെന്റ് ജോസഫ്‌സ് എച്ച്.എസ്. പുല്ലൂരംപാറയ്ക്ക് കാലിടറി. ട്രാക്കിലും ഫീൽഡിലും മിന്നിയ മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ്. കടകശേരി മുന്നിലെത്തി. 58 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരുടെ സാമ്പാദ്യം. പുല്ലൂരാംപാറയ്ക്ക് 38 പോയിന്റ്. വടവന്നൂർ വി.എം.എച്ച്.എസാണ് മൂന്നാം സ്ഥാനത്ത്. 37 പോയിന്റ്. തിരുനാവായ നവാമുകുന്ദ എച്ച്.എസ്.എസും പാലക്കാട് മുണ്ടൂർ എച്ച്.എസും പോയിന്റ് പട്ടികയിൽ താഴേയ്ക്ക് വീണു. മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് (28), കാസർകോട് ജി.എച്ച്.എസ്.എസ് കുട്ടമ്മത് (23) എന്നിങ്ങനെയാണ് പോയിന്റ് പട്ടിക.