വയസറിഞ്ഞു !

Sunday 26 October 2025 11:32 PM IST

കായികമേളയിൽ പ്രായത്തട്ടിപ്പ് വിവാദം

അണ്ടർ 19 വിഭാഗത്തിൽ 21 കാരിയെ മത്സരിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക്സിൽ 19 വയസുവരെയുള്ളവർക്ക് മത്സരിക്കാവുന്ന സീനിയർ വിഭാഗത്തിൽ പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ വെള്ളി നേടിയ താരത്തിന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ പ്രായം 21. ഇക്കാര്യമറിഞ്ഞതോടെ നിരവധി സ്കൂളുകൾ പരാതിയുമായി രംഗത്തെത്തി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ്. ജോസഫ്‌സ് സ്കൂളിനായി മത്സരിച്ച ഉത്തർ പ്രദേശ് സ്വദേശി ജ്യോതി ഉപാദ്ധ്യായെ പ്രായം തിരുത്തി മത്സരിപ്പിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

ഇതേ സ്‌കൂളിനായി മത്സരിച്ച സബ്‌‌ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണവും 200 മീറ്ററിൽ റെക്കാഡും സ്ഥാപിച്ച ഉത്തർപ്രദേശ് സ്വദേശിയായ താരത്തിനെതിരെയും പ്രായം തിരുത്തിയാണ് മത്സരിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. ആർ.എം.എച്ച്.എസ്.എസ് ആളൂർ, ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട് എന്നീ സ്‌കൂളുകളിൽ നിന്നുൾപ്പടെ നിരവധി പരാതികൾ ഓർഗനൈസിംഗ് കമ്മിറ്റിക്ക് കിട്ടിയിട്ടുണ്ട്. ആർ.എം. എച്ച്.എസ്.എസിലെയും ബി.ഇ.എം.എച്ച്.എസ്.എസിലെയും കുട്ടികളാണ് ജ്യോതി വെള്ളി നേടിയ 200 മീറ്രറിൽ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്. താരം ഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് മറ്റൊരു സ്‌കൂളിലെ കോച്ച് ആരോപിച്ചു.

റിസൾട്ട് തടഞ്ഞുവച്ചു,​ ടീമിന്റെ പോയിന്റ് കുറച്ചു

പ്രായത്തട്ടിപ്പ് വിവാദമുയർന്നതോടെ ജ്യോതി വെള്ളി നേടിയ സീനിയർ പെൺകുട്ടികളുടെ 100,​200 മീറ്ററുകളുടെ ഫലം തടഞ്ഞു വച്ചു. സ്കൂൾ കായിക മേളയുടെ വെബ്‌സൈറ്റിൽ നിന്ന് ഈ ഇനങ്ങളുടെ റിസൾട്ട് പിൻവലിച്ചു. ജ്യോതി നേടിയ പുല്ലൂരാംപാറ സ്‌കൂളിന്റെ പോയിന്റും കുറച്ചിട്ടുണ്ട്.

കർശന നടപടി: മന്ത്രി

പ്രായത്തട്ടിപ്പ് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും തെളിഞ്ഞാൽ കർശനമായ നടിപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

കോഴിക്കോട് ഡി.ഡി.ഇ അന്വേഷിക്കും

നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോഴിക്കോട് ഡി.ഡി.ഇയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന സ്കൂൾ സ്പോ‌ർട്സ് ഓർഗനൈസർ ഹരീഷ് ശങ്ക‌ർ പറഞ്ഞു.

രേഖകളുണ്ടെന്ന് സ്കൂൾ

അതേസമയം ജ്യോതിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് പുല്ലൂരാംപാറ സ്‌കൂൾ അധികൃതർ പറഞ്ഞു. അധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് ജ്യോതിയ്ക്ക് സ്‌കൂളിൽ അഡ്‌മിഷൻ നൽകിയത്. ഇതനുസരിച്ച് 2007ലാണ് താരം ജനിച്ചതെന്നാണ് മനസിലാക്കുന്നതെന്നും അധികൃതർ പറഞ്ഞു.

അന്യസംസ്ഥാനക്കാർ നിരവധി

ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ അത്‌ലറ്രിക്‌സിൽ മാത്രമല്ല ഗെയിംസ് ഇനങ്ങളിലും വിവിധ ടീമുകളിൽ നിരവധി അന്യസംസ്ഥാനക്കാരുണ്ട്. സായി സെന്ററുകളിലെ അന്യ സംസ്ഥാനക്കാരായ താരങ്ങൾ കേരളാ സ്കൂൾ കായിക മേളയിലാണ് മത്സരിക്കുന്നത്. ഇതുകൂടാതെ അന്യസംസ്ഥാനങ്ങളിലെ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പല സ്‌കൂളുകളും നിരവധി കുട്ടികളെ സ്കൂൾ കായിക മേളയിൽ എത്തിക്കുന്നുണ്ട്. ഇവരുടെ പ്രായം സംബന്ധിച്ചുള്ള രേഖകൾ പലപ്പോഴും അവ്യക്തമായിരിക്കും,