ഹാമറിൽ ആറാമിടത്തുനിന്ന് ഒന്നാമതേക്ക് ഓ.. മരിയാ..!

Sunday 26 October 2025 11:33 PM IST

തിരുവനന്തപുരം: ഒറ്റയേറിൽ 43.18 മീറ്റർ ഹാമർ പറത്തി മരിയ അലേഷ്യ ജസ്റ്റിൻ കൂടേക്കൂട്ടിയ സ്വർണത്തിന് കണ്ണീരിന്റേയും പരിശ്രമത്തിന്റേയും കഥയുണ്ട് പറയാൻ. പോയവർഷത്തെ മീറ്റിൽ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടപ്പോൾ വിങ്ങിപ്പോട്ടിപ്പോയിരുന്നു എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസിന്റെ താരം. പിന്നീട് ഈ നിമിഷംവരെ ആ സ്വർണം നേട്ടത്തിനായുള്ള തീവ്രപരിശീലനമായിരുന്നു. ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോയിലാണ് മരിയ പവറുകാട്ടിയത്.

രണ്ടാം സ്ഥാനത്തെത്തിയ കുട്ടിയേക്കാൾ ആറ് മീറ്റർ അധികം എറിഞ്ഞാണ് മരിയ ശാലേം സ്‌കൂളിലേക്കുള്ള ആദ്യ സ്വർണം നേടിയത്. "ജയിക്കാൻ ഉറച്ചുതന്നെയാണ് എത്തിയത്. കായികാദ്ധ്യാപകൻ ജിജോ സാറിന്റെ പരിശീലനമാണ് വിജയത്തിന് പിന്നിൽ. മരിയ പറഞ്ഞു. പ്രദേശിക വോളിബാൾ താരമായിരുന്നു പിതാവ് ജസ്റ്റിൻ. മരിയയെും ഇളയമകൾ സാൻട്രയേയും രാവിലെ മൈതാനത്ത് കൊണ്ടുപോകുമായിരുന്നു. അങ്ങനെയാണ് കായികതാരമാകണമെന്ന മോഹം മനസിൽ മൊട്ടിട്ടത്.

100,200 മീറ്റർ ഓട്ടത്തിലായിരുന്നു തുടക്കം. കായികപരിശീലകൻ സാംജി മുഖേനെ ശാലേം സ്‌കൂളിലെ ജിജോ ജെയിംസിനെ പരിചയപ്പെട്ടു. പിന്നീട് സ്‌കൂൾ മാറുകയായിരുന്നു.

രണ്ട് വർഷമായി ജിജോയുടെ കീഴിലാണ് പരിശീലനം. മെഡൽ ഉറപ്പിച്ചായിരുന്നു ഈ വർഷം എത്തിയത്. ആദ്യ ത്രോഫൗളായിരുന്നു. രണ്ടാമത്തെ ഏറാണ് സ്വർണത്തിലേക്ക് പറന്നത്. മുംബയിൽ ഹോം നഴ്‌സാണ് മാതാവ് ഷേർളി. പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്ന ജസ്റ്റിൻ ഇപ്പോൾ ചായപ്പൊടി വ്യാപാരിയാണ്. ഒളിമ്പിക്‌സാണ് മരിയയുടെ ലക്ഷ്യം. ഐ.പി.എസുകാരിയാകണമെന്നും മോഹമുണ്ട്. കുംഗ്ഫുവിൽ ഗ്രീൻബെൽറ്റ് നേടിയിട്ടുണ്ട്.