വസ്ത്രം സുഹൃത്തുക്കളുടേത്, വിജയം ജിബിന്റേത്

Sunday 26 October 2025 11:36 PM IST

തിരുവനന്തപുരം : സീനിയർ ആൺകുട്ടികളുടെ പവർ ലിഫ്ടിംഗിൽ ആലപ്പുഴ സ്വദേശി ജിബിൻ എസ്. സജി സ്വർണം നേടിയത് സുഹൃത്തുക്കൾ നൽകിയ മത്സരവസ്ത്രമണിഞ്ഞ്.അണ്ടർ 59 കിലോയിലായിരുന്നു ജിബിന്റെ സ്വർണം.ജിബിന്റെ ആദ്യ സംസ്ഥാനതല മത്സരമായിരുന്നു ഇത്. എടത്വ എൽ. എം. എച്ച്. എസ്. എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ജിബിൻ പരിശീലനം തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഒൻപതാംക്ലാസ് മുതൽ ജിമ്മിൽ പോകുമായിരുന്ന ജിബിനെ ജിമ്മിലെ മാസ്റ്ററാണ് പവർലിഫ്ടിംഗിലേക്ക് എത്തിച്ചത്. മത്സരിക്കാനാവശ്യമായ വസ്ത്രങ്ങൾക്ക് 70000 രൂപവരെ ചെലവ് വരും. കൂലിപ്പണിക്കാരനായ അച്ഛനെക്കൊണ്ട് ആ തുക മുടക്കാനാവില്ലായിരുന്നു. പരിശീലനം നടത്തുന്ന പായിപ്പാടുള്ള ബ്രദേഴ്സ് ജിമ്മിലെ സുഹൃത്തുക്കൾ അവരുടെ സ്കോട്ട് കോസ്റ്റ്യൂമും ബെഞ്ച് കോസ്റ്റ്യൂമും നൽകി പിന്തുണയേകിയതാണ് സ്വർണത്തിലേക്ക് എത്തിച്ചതെന്ന് ജിബിൻ പറഞ്ഞു. ജിബിന്റെ പിതാവ് സജി ജോൺ, മാതാവ് ഷൈലജ സജി.