കുരുന്നിന് വില 50,000 രൂപ നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച പിതാവടക്കം പിടിയിൽ
കോട്ടയം : കടബാദ്ധ്യത തീർക്കാൻ രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച പിതാവടക്കമുള്ളവർ പിടിയിൽ. പിതാവ് അസം നാഗാവ് സ്വദേശി കുദ്ദൂസ് അലി (25), വാങ്ങാനെത്തിയ ഉത്തർപ്രദേശ് സ്വദേശി അർമാൻ (31), ഇടനിലക്കാരൻ മോഹ്‌ദ് ദാനിഷ് ഖാൻ (32) എന്നിവരെയാണ് കുമരകം പൊലീസ് പിടികൂടിയത്.
ശനിയാഴ്ച ഉച്ചയോടെ തിരുവാർപ്പ് കുമ്മനത്താണ് സംഭവങ്ങളുടെ തുടക്കം. നാല് വർഷം മുൻപാണ് കുദ്ദൂസ് അലി കുമ്മനത്ത് ജോലിക്കായി എത്തിയത്. ഒന്നര മാസം മുൻപ് ഭാര്യയും, അഞ്ച് വയസുകാരിയായ മകളും, ആൺകുഞ്ഞും കൂടിയെത്തി. കുമ്മനം തൊണ്ടബ്രാൽ റോഡിൽ ഹോമിയോ ആശുപത്രിക്ക് സമീപം 12 അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മുറിയിലായിരുന്നു താമസം. ജോലിക്ക് പോകാൻ താത്പര്യമില്ലാത്ത കൂദ്ദൂസ് അലി പലരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാനാണ് കുഞ്ഞിനെ വിൽക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഏതാനും ദിവസം മുൻപ് ഈരാറ്റുപേട്ടയിലെ ബാർബർ ഷോപ്പ് ജീവനക്കാരനായ മോഹ്‌ദ് ദാനിഷിനെ സമീപിച്ചു. മൂന്ന് പെൺകുട്ടികളുള്ള ഇയാളുടെ ഭാര്യാ സഹോദരിയുടെ ഭർത്താവ് അർമാൻ കുഞ്ഞിനെ വാങ്ങാൻ സന്നദ്ധനായി. 1000 രൂപ അഡ്വാൻസും നൽകി.
നീക്കം പൊളിച്ചത് അമ്മയുടെ ഇടപെടൽ
കുഞ്ഞിനെ കാണാനായി മോഹ്‌ദ് ദാനിഷും, അർമാനും ശനിയാഴ്ച കുമ്മനത്തെ വീട്ടിലെത്തി. എന്നാൽ അമ്മയുടെ എതിർപ്പിനെ തുടർന്ന് ഇവർ തിരികെ മടങ്ങി. സമീപം താമസിക്കുന്ന തൊഴിലാളികൾ ജോലിക്ക് പോയശേഷം ഇന്നലെ രാവിലെ കുട്ടിയെ കൊണ്ടുപോകാൻ എത്തണമെന്ന് പിതാവ് പറയുന്നത് അമ്മ ഇതിനിടയിൽ കേട്ടു. ഉടൻ അന്യസംസ്ഥാന തൊഴിലാളികളായ അർഷാദ് ഹക്ക്, ഷെയ്ക്ക് ഹമീദ് എന്നിവരെ വിവരം അറിയിച്ചു. ഇവരിൽ നിന്ന് ഇക്കാര്യമറിഞ്ഞ കോൺട്രാക്ടർ കുമ്മനം സ്വദേശി അൻസിൽ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെയും അറിയിച്ചു. തുടർന്ന് പൊലീസ് അൻസിലിനെ ബന്ധപ്പെടുകയും സ്ഥലത്ത് എത്തുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ എസ്.ഐ ഒ.ആർ ബസന്ത്, എ.എസ്.ഐമാരായ റോയി, ബൈജു, ജോസ്, സജയകുമാർ, സുമോദ്, ജിജോഷ്, അനീഷ് എന്നിവർ കുമരകം, ഇല്ലിക്കൽ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.