ജീവിതശൈലിയിലെ മാറ്റം അലർജി രോഗങ്ങൾ വർധിപ്പിക്കും:വിദഗ്ദ്ധർ
തിരുവനന്തപുരം:പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലർജിരോഗങ്ങൾ അപകടരമായ രീതിയിൽ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ് (ഐറിസ്) സംഘടിപ്പിച്ച ദ്വിദിന ഹെൽത്ത് സമ്മിറ്റ് ഐറിസ് അലർജി കണക്ടിൽ പങ്കെടുത്ത വിദഗ്ദ്ധരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ആഗോളതലത്തിലെ ആസ്ത്മ രോഗികളുടെ 12 ശതമാനം ഇന്ത്യയിലാണെന്ന് അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്സിറ്റി അലർജി വിഭാഗം മേധാവിയും ഇന്റർനാഷണൽ ആസ്ത്മ സർവീസസ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനുമായ ഡോ. പി.കെ. വേദാന്തൻ പറഞ്ഞു.ആസ്ത്മയും അനുബന്ധ രോഗങ്ങളും മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 42 ശതമാനമാണ്. രാജ്യത്തെ രോഗികളായ കുട്ടികളിൽ 40 ശതമാനം ഗുരുതരമായ ആസ്ത്മ രോഗമുള്ളവരാണ്.നിലവിൽ വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന അലർജി ചികിത്സയെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് ആരോഗ്യരംഗം മാറേണ്ടതുണ്ടെന്നും ഡോ. വേദാന്തൻ ചൂണ്ടിക്കാട്ടി.
സാധാരണ പ്രസവങ്ങളിൽ കുട്ടികൾക്ക് അമ്മയിൽനിന്ന് ലഭിക്കുന്ന മൈക്രോബയോമുകൾ സിസേറിയനുകളിലൂടെ ജനിക്കുന്ന കുട്ടികൾക്ക് ലഭിക്കാത്തതും പ്രതിരോധശേഷി കുറയുന്നതിനും അലർജി രോഗങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ഐറിസിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. ഷഹനാസ് ബീഗം പറഞ്ഞു.അലർജി രോഗങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിത പാശ്ചാത്യരാജ്യങ്ങളുടെ ഒപ്പം കേരളവുമെത്താൻ അധികം താമസമുണ്ടാകില്ലെന്ന് ഐറിസിലെതന്നെ ഡോ. വീണ വി. നായർ ചൂണ്ടിക്കാട്ടി.കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ തുടക്കം മുതലേ ധാന്യങ്ങളും മറ്റും ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും അലർജി രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സഹായിക്കുമെന്ന് ഡോ. വീണ പറഞ്ഞു.രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ ഡോ. നീരജ് ഗുപ്ത, ഡോ. പ്രവീൺ ഹിസാരിയ, ഡോ. എം. മാലതി, ഡോ. ആങ്കുർ കുമാർ ജിൻഡാൽ, ഡോ. കൃഷ്ണമോഹൻ, ഡോ. നർമദ അശോക്, ഡോ. കാർത്തിക് നാഗരാജു, ഡോ. വിഷാദ് വിശ്വനാഥ് തുടങ്ങിയവരും വിവിധ സെഷനുകളിൽസംസാരിച്ചു.