ഐ.ടി.ഐ കഴിഞ്ഞവർക്ക് ഒരു ലക്ഷം അവസരങ്ങൾ
തിരുവനന്തപുരം: ഐടിഐകളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്നവർക്കും തൊഴിൽ നൽകുന്നതിനുള്ള ബൃഹദ് കർമ്മപരിപാടിക്ക് രൂപം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പും വിജ്ഞാനകേരളം (കെ-ഡിസ്ക്) പരിപാടിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്.
തൊഴിലവസരങ്ങൾ കണ്ടെത്തി, നൈപുണി പരിശീലനം നൽകി തൊഴിൽ മേളകളിലൂടെ നിയമനം നൽകുന്നതാണ് ഒരു മാർഗ്ഗം. രണ്ടാമത്തേത്, 'റിക്രൂട്ട്, ട്രെയിൻ & ഡിപ്ലോയ്' (ആർ.റ്റി.ഡി) എന്ന നൂതന മാതൃകയാണ്. ഇതിലൂടെ കമ്പനികൾ ഉദ്യോഗാർത്ഥികളെ ആദ്യം റിക്രൂട്ട് ചെയ്യുകയും തുടർന്ന് ആറുമാസം വരെ ഐടിഐകളിലോ തൊഴിൽ പരിശീലന കേന്ദ്രങ്ങളിലോ പരിശീലനം നൽകി സ്ഥിരപ്പെടുത്തും..
തൊഴിലന്വേഷകരായ പൂർവ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകും. ഇതിന്റെ ഭാഗമായി, 2025 നവംബർ ഒന്ന് മുതൽ ഏഴ് വരെ അവർ പഠിച്ച ഐടിഐകളിൽ രജിസ്‌ട്രേഷന് സൗകര്യം ഏർപ്പെടുത്തും. എല്ലാ ഐടിഐകളിലും ഇതിനായി പ്രത്യേക കിയോസ്കുകൾ സ്ഥാപിക്കും.നവംബർ 7 മുതൽ 15 വരെ ഈ വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗും സ്കിൽ അസസ്‌മെന്റും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല മാപ്പിംഗ് നടത്തി ക്ലസ്റ്ററുകൾ രൂപീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട നോഡൽ കേന്ദ്രങ്ങളിൽ നവംബർ 20 മുതൽ 20-30 പേരടങ്ങുന്ന ബാച്ചുകളായി നൈപുണി പരിശീലനം ആരംഭിക്കും. ഡിസംബർ പകുതിയോടെ പൂർവ വിദ്യാർത്ഥികൾക്കായി പ്രത്യേക തൊഴിൽമേളകളും സംഘടിപ്പിക്കും.
സർക്കാർ ഐടിഐകൾക്ക് പുറമെ, സ്വകാര്യ ഐ.ടി.സി വിദ്യാർത്ഥികളെയും പൂർവവിദ്യാർത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കും.
വീട്ടമ്മമാർക്കും
അവസരം
പഠനം പൂർത്തിയാക്കി തൊഴിലിൽ നിന്നും വിട്ടുനിൽക്കുന്ന, വീടിനടുത്ത് തൊഴിലെടുക്കാൻ താല്പര്യമുള്ള വീട്ടമ്മമാരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സിഡിഎസുകളിൽ ആരംഭിക്കുന്ന മൾട്ടി ടാസ്ക് സ്കിൽ ടീമുകളുടെ ഭാഗമാക്കി തൊഴിൽ നൽകും.
നൈപുണി പരിശീലന പരിപാടികളിൽ മെന്റർമാരായി പ്രവർത്തിക്കാൻ സന്നദ്ധസേവന തൽപ്പരരായ വിദഗ്ദ്ധരെ ക്ഷണിക്കും. ഐടിഐകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇൻസ്ട്രക്ടർമാർക്ക് മെന്റർമാരായി പ്രവർത്തിക്കാം. താല്പര്യമുള്ളവർക്ക് അടുത്തുള്ള ഐടിഐകളിലോ വിജ്ഞാനകേരളം വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാം..