19,000 കോടിയുടെ വ്യവസായം; രൂപം മാറി കേരളത്തിലേക്ക് തിരിച്ചെത്തുന്നത് നിരവധി ഉത്പന്നങ്ങള്‍

Monday 27 October 2025 12:08 AM IST

സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും

കൊല്ലം: സംസ്ഥാനത്ത് അറവ് അവശിഷ്ടങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ യൂണിറ്റുകളുടെ ശൃംഖല സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ മൃഗ സംരക്ഷണ വകുപ്പ് ഒരുങ്ങുന്നു. രക്തം, ചര്‍മ്മം, വയര്‍, കൊമ്പ്, കുളമ്പ്, ഗ്രന്ഥി സ്രാവങ്ങള്‍, കുടല്‍ മാലകള്‍ എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളാണ് നിര്‍മ്മിക്കുക.

പ്രതിവര്‍ഷം 19,000 കോടി രൂപയുടെ ബിസിനസാണ് കേരളത്തില്‍ മാംസോല്പാദന മേഖലയില്‍ നടക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങളുടെ ഒരു ഭാഗം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയാണ്. വലിയൊരുഭാഗം ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് പോകുന്നു. ഇവ കേരളത്തില്‍ സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്ന വ്യവസായം തുടങ്ങാന്‍ സംരംഭകരെ ക്ഷണിക്കും. അനുയോജ്യമായ സ്ഥലമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നിശ്ചിത കാലത്തേക്ക് പാട്ടത്തിന് നല്‍കും.

എല്ലുപൊടി മുതല്‍ കരകൗശല ഉത്പന്നങ്ങള്‍ വരെ

മുംബയിലെ നരിമാന്‍ പോയിന്റ് അറവ് ഉപോല്പന്ന വ്യവസായ കേന്ദ്രം

കാളകളുടെ ആഗ്‌നേയ ഗ്രന്ഥിയിലെ ശ്രവം ഉപയോഗിച്ച് അലക്ക് പൗഡര്‍

കാലികളുടെ കൊമ്പ് ഉപയോഗിച്ച് ബട്ടന്‍, ചീപ്പ് കരകൗശലവസ്തുക്കള്‍

കുളമ്പ് ജെല്ലില്‍ നിന്ന് സൂപ്പ്, സ്റ്റ്യൂ തുടങ്ങിയ ഉത്പന്നങ്ങള്‍

ആടിന്റെ കുടല്‍മാല കൊണ്ട് ശസ്ത്രക്രിയ നൂലുകള്‍ ഓമേസം എന്ന കാലികളുടെ വയറിന്റെ അറയില്‍ നിന്ന് സൂപ്പ്

ചര്‍മ്മം തുകല്‍ വ്യവസായത്തിലെ പ്രധാന ഘടകം

' ആദ്യഘട്ടത്തില്‍ അറവ് അവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തിന് കൈമാറാന്‍ പാകത്തിലാക്കുന്ന റെന്‍ഡറിംഗ് പ്ലാന്റുകള്‍ സജ്ജമാക്കും' - ഡോ. ഡി. ഷൈന്‍കുമാര്‍, കൊല്ലം ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍