യാത്രാ വാഹനങ്ങളുടെ കയറ്റുമതിയിൽ കുതിപ്പ്

Tuesday 28 October 2025 12:10 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസത്തിൽ ഇന്ത്യയുടെ യാത്രാ വാഹനങ്ങളുടെ കയറ്റുമതി 18 ശതമാനം ഉയർന്നു. രണ്ട് ലക്ഷം വാഹനങ്ങളുടെ കയറ്റുമതിയുമായി മാരുതി സുസുക്കിയാണ് മുൻനിരയിൽ. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ കമ്പനികൾ മൊത്തം 4,45,884 യാത്രാ വാഹനങ്ങളാണ് കയറ്റി അയച്ചതെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ(സിയാം) കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേകാലയളവിൽ കയറ്റുമതി 3,76,679 യൂണിറ്റുകളായിരുന്നു. മാരുതി സുസുക്കിയുടെ കാർ കയറ്റുമതി 40 ശതമാനം ഉയർന്ന് 2,05,763 യൂണിറ്റുകളായി. ഹ്യുണ്ടായ് കോർപ്പറേഷൻ ഇതേ കാലയളവിൽ 99,540 വാഹനങ്ങളാണ് കയറ്റി അയച്ചത്. നിസാൻ മോട്ടോർ 37,605 കാറുകളുടെ കയറ്റുമതി കൈവരിച്ചു.