ജി.സുധാകരനെ ഒഴിവാക്കി സി.പി.എമ്മിന്റെ നോട്ടീസ്
ആലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടനചടങ്ങിൽ മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി സി.പി.എം നോട്ടീസ്. സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നോട്ടീസിലാണിത്. പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ നോട്ടീസിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എം.പിക്കുമൊപ്പം സുധാകരന്റെ ഫോട്ടോയുമുണ്ടായിരുന്നു. പാർട്ടി പരിപാടിക്കൊപ്പം സർക്കാർ പരിപാടികളിലും സുധാകരനെ സഹകരിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു. എന്നാൽ,ലോക്കൽ കമ്മിറ്റിയുടെ നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നതോടെ ജില്ലയിലെ പാർട്ടി നേതൃത്വവും സുധാകരനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നതിന്റെ സൂചനയാണിത്. അതേസമയം,
പാലത്തിന് പദ്ധതി തയ്യാറാക്കുകയും പണം അനുവദിക്കുകയും ചെയ്ത സുധാകരനെ നോട്ടീസിൽ ഉൾപ്പെടുത്താതിരുന്ന ലോക്കൽ കമ്മിറ്റിയുടെ നടപടി ചില പ്രവർത്തകരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുന്നപ്ര-വയലാർ വാർഷികത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ ദീപശിഖറാലിയിൽ പങ്കെടുക്കുന്നതിനാൽ നാലുചിറപ്പാലത്തിന്റെ ഉദ്ഘാടനത്തിന് സുധാകരൻ സംബന്ധിക്കാനിടയില്ല. സുധാകരനെ ഒഴിവാക്കി നോട്ടീസ് തയ്യാറാക്കിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ പ്രതികരണം.