പി.എം.ശ്രീ വേണ്ട: ഫണ്ട് വേണം ; വി.ശിവൻകുട്ടി

Monday 27 October 2025 12:31 AM IST

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും എസ്.എസ്. കെ ഫണ്ട് നഷ്ടമാകുന്നതായിരുന്നു കേരളത്തിന്റെ പ്രശ്നമെന്നും മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയിൽനിന്ന് ഏതു നിമിഷവും പിൻമാറാനുള്ള അവകാശം ധാരണാപത്രത്തിൽ ഒപ്പു

വച്ച രണ്ട് കക്ഷികൾക്കുമുണ്ട്. ഇരുകക്ഷികളും ആലോചിച്ചിട്ടു വേണം പിൻമാറാനെന്ന് ധാരണാപത്രത്തിലുണ്ട്.

പി.എംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാർ സമീപനം എന്താണെന്നു നോക്കട്ടെ. കേരളത്തിന് അർഹമായ ഫണ്ട് ഒഴിവാക്കേണ്ടതില്ല. ലക്ഷക്കണക്കിന് കുട്ടികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന പ്രശ്നമാണിത്.

അതിന്റെ പേരിൽ കേന്ദ്ര സിലബസും തെറ്റായ നിർദ്ദേശങ്ങളും നടപ്പാക്കില്ല. അടിയന്തര സ്വഭാവം വന്നപ്പോഴാണ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഒപ്പിട്ടത്. ഇതിൽ നിയമോപദേശം തേടേണ്ട കാര്യമില്ല. സി.പി.ഐ ഉന്നയിക്കുന്ന വിഷയങ്ങൾ നേതാക്കൾ തമ്മിൽ ചർച്ച ചെയ്യും. സി.പി.ഐ സഹോദര പാർട്ടിയാണ്,ശത്രുക്കളല്ലെന്നും മന്ത്രി വ്യക്തമാക്കി.