മുട്ടിൽ മരംമുറി: കർഷകരെ ആശങ്കയിലാക്കി വീണ്ടും റവന്യൂ വകുപ്പിന്റെ നോട്ടീസ്

Monday 27 October 2025 12:39 AM IST

കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിലെ മരം മുറിയിൽ കർഷകരെ ആശങ്കയിലാക്കി വീണ്ടും റവന്യൂ വകുപ്പിന്റെ നോട്ടീസ്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ മരങ്ങൾ വാങ്ങിയതെന്ന വാദം ഉന്നയിച്ച് കർഷകർ നൽകിയ അപ്പീൽ റവന്യൂ വകുപ്പ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് 29 കർഷകർക്ക് റവന്യുവകുപ്പ് കെ.എൽ.സി പ്രകാരം നോട്ടീസ് നൽകിയിരുന്നത്. കേസിലെ പ്രതികൾക്ക് മരംവിറ്റ ആദിവാസികൾ ഉൾപ്പെട്ട കർഷകർക്കാണ് നോട്ടീസ് ലഭിച്ചത്. അപ്പീലിൽ വീണ്ടും വിശദീകരണം നൽകാനും ഇല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നുമാണ് കർഷകർക്കുള്ള മുന്നറിയിപ്പ്. സർക്കാരിന്റെ ഉത്തരവ് ഉണ്ടെന്നും മരങ്ങൾ മുറിക്കുന്നതിന് നിയമപ്രശ്നമില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളിൽ നിന്ന് മരം വാങ്ങിയതെന്നാണ് കർഷകരുടെ അപ്പീലിലെ വാദം. 15 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നത്. സർക്കാർ നടപടിയിൽ ഉറച്ചുനിന്നാൽ പ്രക്ഷോഭം നടത്താനാണ് കർഷകരുടെ തീരുമാനം. അതേസമയം, ഇപ്പോൾ നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ ആണെന്നും കർഷകർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു.