പ്രതിരോധവും ചികിത്സയും ഊർജി​തം ക്ഷയരോഗം ക്ഷയി​ച്ച് ജി​ല്ല!

Monday 27 October 2025 12:40 AM IST

10 വർഷത്തി​നി​ടെ 1762 പേർ രോഗമുക്തർ

കൊല്ലം: ജില്ലയിൽ 10 വർഷത്തിനിടെ ക്ഷയരോഗികളുടെ എണ്ണം വല്ലാതെ ക്ഷയിച്ചെന്ന് കണക്കുകൾ. 2015 ൽ 2,677 പേർക്ക് രോഗബാധ ഉണ്ടായിരുന്നുവെങ്കിൽ നിലവിൽ 915 പേരാണ് രോഗികൾ. തീരദേശ പ്രദേശങ്ങൾ, ഉന്നതികൾ, അന്യസംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങൾ, അനാഥ അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലും ആശാ പ്രവർത്തകർ മുഖേന വീടുകൾ കേന്ദ്രീകരിച്ചുമുള സ്‌ക്രീനിംഗിലൂടെയുമാണ് രോഗികളെ കണ്ടെത്തിയത്. മൊബൈൽ മെഡിക്കൽ വാഹനത്തിന്റെ സേവനവും ഹാൻഡ് ഹെൽഡ് എക്‌സ്‌റേ സംവിധാനം ഉപയോഗിച്ചും രോഗനിർണയം നടത്തി ചികിത്സ നൽകി വരികയാണ്.

ശ്വാസകോശ ക്ഷയരോഗ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ടി.ബി സ്‌ക്രീനിംഗ് നടത്തുകയും അതിൽ രോഗസാദ്ധ്യതയുള്ളവരെ ഐ.ജി.ആർ.എ/ സി.വൈ.ടി.ബി ടെസ്റ്റുകൾ നടത്തി ക്ഷയരോഗ പ്രിവന്റേറ്റീവ് തെറാപ്പിക്ക് വിധേയമാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുവാണ് ക്ഷയരോഗത്തിന് കാരണം. കൃത്യമായ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാം. ശ്വാസകോശത്തെയാണ് സാധാരണയായി ക്ഷയരോഗം ബാധിക്കുന്നതെങ്കിലും തലച്ചോറ്, കഴല, എല്ല്, ആമാശയം, കുടൽ, കണ്ണ്, തൊലി, നട്ടെല്ല്, വൃക്ക എന്നീ അവയവങ്ങളിലും രോഗബാധയുണ്ടാവാം. ക്ഷയരോഗ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് രോഗം ഉണ്ടാക്കുന്ന സങ്കീർണാവസ്ഥകൾ ചെറുക്കാൻ സഹായിക്കും.നിഷ്‌ക്രിയ ക്ഷയരോഗാണു ഉള്ള വ്യക്തികളെ ചികിത്സിച്ച് രോഗാണുവിനെ നശിപ്പിക്കുന്ന ടി.ബി പ്രിവെന്റിവ് തെറാപ്പി ലഭ്യമാണ്.

ലക്ഷണങ്ങൾ

രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ പനി  ഭാരക്കുറവ്  ചുമച്ചു രക്തം തുപ്പുക  വിശപ്പില്ലായ്മ  സന്ധി വീക്കം  സന്ധിവേദന ് കഴുത്തിനു മുറുക്കം  അപസ്മാരം  നീണ്ടുനിൽക്കുന്ന പനി  നടുവേദന  വയറുവേദന  വയറിളക്കം

പരിശോധനകൾ

 കഫ പരിശോധന  മൈക്രോസ്‌കോപ്പി  ട്രൂനാറ്റ്  സി.ബി നാറ്റ്  എൽ.പി.എ കൾച്ചർ  സി.ടി, എം.ആർ.ഐ സ്‌കാനിംഗുകൾ

പ്രതിരോധം

പൊതുസ്ഥലങ്ങളിൽ ക്ഷയരോഗ ബോധവത്കരണ ക്ളാസുകൾ

 ജില്ലാ മെഡിക്കൽ ഓഫീസ് നടപ്പാക്കുന്ന മിസ്റ്റിലൂടെയും സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പ്രത്യേക പ്രോജക്ടിലൂടെയും അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ടി.ബി സ്‌ക്രീനിംഗ് ക്യാമ്പുകൾ

 'നിക്ഷയ്' പോർട്ടൽ വഴി അന്യസംസ്ഥാന തൊഴിലാളിയുടെ സ്വഥം സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് രോഗ വിവരങ്ങൾ കൈമാറുന്നു

 രോഗികൾക്കായി ത്രിതല പഞ്ചായത്തുകൾ വഴി പോഷകാഹാര പദ്ധതി, റവന്യു പെൻഷൻ

 ക്ഷയരോഗ ടെസ്റ്റുകൾ, രോഗികൾക്കുള്ള മരുന്നുകൾ എന്നിവ സൗജന്യം

വർഷം, രോഗികളുടെ എണ്ണം

2015- 2,677

2016- 2,399

2017- 2,026

2018- 1,958

2019- 1,710

2020- 1,269

2021- 1,341

2022- 1,369

2023- 1,307

2024- 1,329

2025 (സെപ്തംബർ വരെ)- 915

പുകയില ഉപയോഗം, മദ്യപാനം എന്നിവ ക്ഷയരോഗ സാദ്ധ്യത വർധിപ്പിക്കും. ക്ഷയരോഗ നിർണയവും തുടർചികിത്സാ പദ്ധതികളും ഊർജിതമായി നടക്കുകയാണ്- ഡോ. സാജൻ മാത്യൂസ്,ജില്ലാ ടി,ബി ഓഫീസർ