ശിവഗിരി തീർത്ഥാടനകാലം ഡിസംബർ 15 മുതൽ
ശിവഗിരി: ശിവഗിരി മഹാതീർത്ഥാടനത്തിനുള്ള പ്രാരംഭപ്രവർത്തനങ്ങളായി. മുൻവർഷങ്ങളിൽ എന്ന പോലെ തീർത്ഥാടനകാലം ഡിസംബർ 15 മുതൽ 2026 ജനുവരി 25 വരെ തുടരും. നവംബർ ആരംഭം മുതൽ ശിവഗിരി തീർത്ഥാടന ലക്ഷ്യപ്രചാരണ സമ്മേളനങ്ങളും സെമിനാറുകളും ആരംഭിക്കും.
ഗുരുദേവ ദർശനവും ശിവഗിരി മഠവും ആഗോളതല ശ്രദ്ധാകേന്ദ്രമായ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ തീർത്ഥാടനമെന്ന പ്രത്യേകത കൂടിയുണ്ട്. ആലുവ സർവ്വമതസമ്മേളന ശതാബ്‌ദിയുടെ ഭാഗമായി വത്തിക്കാൻ, ഡൽഹി, ലണ്ടൻ, ഗൾഫ് രാജ്യങ്ങൾ, ആസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ശിവഗിരി മഠം സംഘടിപ്പിച്ച ലോകമത പാർലമെന്റുകൾ, ശിവഗിരിയിൽ കഴിഞ്ഞ വർഷം നടന്ന ആഗോള പ്രവാസി സംഗമം, ഗുരുദേവ-ഗാന്ധി സമാഗമ ശതാബ്‌ദിയുടെ ഭാഗമായി തുഷാർഗാന്ധി പങ്കെടുത്ത ശിവഗിരി സമ്മേളനം, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡൽഹി വിജ്ഞാൻ ഭവൻ സമ്മേളനം,
ശിവഗിരിയിൽ ര്രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത ഗുരുദേവ പരിനിർവ്വാണ ശതാബ്‌ദി ആചരണസമ്മേളനം തുടങ്ങിയവയൊക്കെ ആഗോളതല ശ്രദ്ധ നേടി. ലോകമെമ്പാടുമുള്ള ഗുരുദേവപ്രസ്ഥാനങ്ങളുടേയും ഗുരുദേവ ഭക്തരുടേയും ശിവഗിരി ബന്ധുക്കളുടേയും പിന്തുണയോടെ ഈ പരിപാടികളെല്ലാം വൻ വിജയമായി.ഈ വിധം തീർത്ഥാടന വിജയത്തിനും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. തീർത്ഥാടന കമ്മിറ്റി ഓഫീസ് നാളെ രാവിലെ 9.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നതോടെ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സജീവമാകും.
.