പ്ളാവ് പഴയ പ്ളാവ് തന്നെ, പക്ഷേ, ചക്ക പഴയ ചക്കയല്ല!
ചക്കയിലെ അത്ഭുതങ്ങളുമായി കൊട്ടാരക്കര വല്ലം ജാക്കി ഫൈ
കൊല്ലം: ആർക്കും വേണ്ടാതെ പ്ളാവിലും പ്ളാവിൻ ചോട്ടിലുമായി പഴുത്ത് അഴുകിക്കിടന്നിരുന്ന ചക്കയുടെ ഗതികെട്ടകാലം വെറും ഓർമ്മയായി മാറുകയാണ്. പണം കായ്ക്കുന്ന മരങ്ങളായി ഓരോ പ്ളാവും മാറുന്നു. ഇതിനുള്ള പരിശീലനമാണ് കൊട്ടാരക്കര വല്ലം ജാക്കി ഫൈയിൽ സംഘടിപ്പിച്ചത്.
ചക്കക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ് ജില്ലയിലെ പുതുസംരംഭകരും വീട്ടമ്മമാരും ഒത്തുകൂടിയത്. രണ്ട് പകലുകൾ നീണ്ട പരിശീലന പരിപാടിയിൽ പങ്കെടുത്തവർ ചക്കയുടെ അത്ഭുത വിശേഷങ്ങൾ നേരിട്ടറിഞ്ഞു. ഇനി അതൊക്കെ അടുക്കള പരീക്ഷണങ്ങളാകും, പിന്നെ സംരംഭക ഉത്പന്നങ്ങളായി പൊതുവിപണികളിലേക്കുമെത്തും. നാടൻ ചക്ക മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറുന്നത് തയ്യാറാക്കിക്കാട്ടിയാണ് ക്ളാസ് തുടർന്നത്. ചക്കച്ചുള മാത്രമല്ല കുരുവും പാടയും ചവിണിയും കൂഞ്ഞും രണ്ടാം പുറംതോടും പുറംമുള്ളുമടക്കം എല്ലാം മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറി. ചക്കച്ചുള ചിപ്സ്, ചവിണി മിക്ചർ, കുരുവിന്റെ പാടകൊണ്ട് പക്കാവട, ചക്കക്കുരുവിന്റെ തൊലി ഉണക്കിയതുപയോഗിച്ച് മുഖത്ത് തേയ്ക്കാനുള്ള സൗന്ദര്യ വർദ്ധക ലേപനം, ചക്കപ്പൂഞ്ഞ് അച്ചാർ, ചക്കക്കറ ഉണക്കി കൺമഷി, ചക്ക ഹൽവ, ജാം തുടങ്ങി മുപ്പത്തിയഞ്ചിൽപ്പരം ഉത്പന്നങ്ങൾ തയ്യാറാക്കുന്ന വിധം പരിശീലിപ്പിച്ചു. നൂറിലധികം ഉത്പന്നങ്ങൾ നിർമ്മിക്കാമെന്നാണ് ക്ളാസ് നയിച്ചവർ പറഞ്ഞത്. ചക്ക സീസൺ അല്ലാത്തതിനാൽ 600 രൂപ നൽകി വാങ്ങിയ ചക്കയും ഉണക്കി സൂക്ഷിച്ചതും പൾപ്പായി സൂക്ഷിച്ചതുമൊക്കെ പരിശീലന ക്ളാസിൽ എത്തിച്ചു.
ദ്വിദിന പരിശീലനം
ദ്വിദിന പരിശീലന പരിപാടി ചക്കക്കൂട്ടം പ്രതിനിധി അനിൽജോസ് ഉദ്ഘാടനം ചെയ്തു. ദേശീയ പരിശീലക പത്മിനി ശിവദാസ് ക്ളാസ് നയിച്ചു. ജാക്കിഫൈ ഡയറക്ടർ വല്ലം സുന്ദരൻ സ്വാഗതം പറഞ്ഞു. ചക്കക്കൂട്ടം ജില്ലാ കോ-ഓർഡിനേറ്റർ ഷാജി അമ്പലത്തുംകാല, സാം കെ.എബ്രഹാം, കെ.എം. ഷാജു, പി.എൻ. അനിൽകുമാർ, ശ്രീജ ഹരി, മണിയമ്മ, വസന്തകുമാരി, ഷിനു ജോൺ, മുംതാസ് നിസാർ, എൻ. ഷേർളി, തെരേസ, കവിതകുമാരി, ജയകുമാരി, ഗിരിജകുമാരി, പ്രദീപ് കുമാർ, ഡി.എസ്. ബീന, സുവി കെ.വിക്രം എന്നിവർ സംസാരിച്ചു.
നാടൻ ചക്കയാണ് ഗുണകരം. മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറുമ്പോൾ സംരംഭകന് വലിയ ലാഭം ലഭിക്കും.
ചക്കയുടെ ആരോഗ്യ ഗുണങ്ങൾ മനസിലാക്കുന്നവർ ഗുണഭോക്താക്കളായി മാറും
പത്മിനി ശിവദാസ്, പരിശീലക
...............................
ചക്കയെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിലൂടെയാണ് ജാക്കിഫൈ എന്ന സംരംഭം ഞാൻ തുടങ്ങിയത്. കൊട്ടാരക്കരയ്ക്ക് അടുത്തുള്ള വല്ലം ഗ്രാമത്തിൽ തുടങ്ങിയ ജാക്കിഫൈയ്ക്ക് നെടുവത്തൂരിൽ വിപണന കേന്ദ്രമുണ്ട്. എന്നാൽ ആവശ്യക്കാർ കേരളത്തിനകത്തും പുറത്തും വിദേശത്തുമുണ്ട്. മുപ്പത്തിയഞ്ചിൽപ്പരം ചക്കവിഭവങ്ങൾ ഇപ്പോൾ തയ്യാറാക്കിവരുന്നു. കൂടുതൽ ഉത്പന്നങ്ങൾ ഒരുക്കും. മറ്റുള്ളവർക്കുകൂടി ചക്കയുടെ ഗുണങ്ങളും മൂല്യവർദ്ധിത ഉത്പന്ന സാദ്ധ്യതയും ബോദ്ധ്യമാക്കാനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്
വല്ലം സുന്ദരൻ, ഡയറക്ടർ, ജാക്കിഫൈ, വല്ലം