ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജ് വി. സദാശിവന്റെ നിശ്ചയ ദാർഢ്യത്തിന് 20 വയസ്

Monday 27 October 2025 1:02 AM IST
ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജ്

കൊല്ലം: ജില്ലയിലെ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് തലയുയർത്തി നിൽക്കുന്ന ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജ് ഇരുപതാം വയസിലേക്ക്. ഈ കോളേജിന്റെ പിറവിക്ക് പിന്നിൽ വി. സദാശിവൻ എന്ന മനുഷ്യൻ കാട്ടിയ നിശ്ചയദാർഢ്യത്തിന്റെ വലിയൊരു കഥയുണ്ട്.

കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലായിരുന്ന കാലത്താണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി, പരബ്രഹ്മ ആശുപത്രിയോട് ചേർന്ന് നഴ്സിംഗ് കോളേജ് ആരംഭിക്കാൻ തീരുമാനിച്ചത്. കേരള സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് പ്രകാരം നഴ്സിംഗ് കോളേജിന് അനുബന്ധമായി 75 കിടക്കകളുള്ള ആശുപത്രി മതിയായിരുന്നു. ഇതിനിടെ, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതുതായി രൂപീകരിച്ച ആരോഗ്യ സർവകലാശാലയുടെ കീഴിലായി. ഇതോടെ പുതിയ നഴ്സിംഗ് കോളേജ് അനുവദിക്കാൻ 500 കിടക്കകളുള്ള ആശുപത്രി വേണമെന്ന നിബന്ധന വന്നു. അപ്പോൾ പരബ്രഹ്മ ആശുപത്രിയിൽ ആകെ 75 കിടക്കകളാണ് ഉണ്ടായിരുന്നത്.

500 കിടക്കകൾ എങ്ങനെ സജ്ജമാക്കും? അതിന് എത്ര കോടികൾ വേണം? പലരും നഴ്സിംഗ് കോളേജ് സ്വപ്നമാകുമെന്ന് ഉറപ്പിച്ചു. എന്നാൽ അന്നത്തെ ക്ഷേത്ര ഭരണസമിതി സെക്രട്ടറി വി. സദാശിവൻ ഹൈക്കോടതിയെ സമീപിച്ച്, തങ്ങൾ അപേക്ഷിച്ച സമയത്തെ നിബന്ധന അടിസ്ഥാനമാക്കി നഴ്സിംഗ് കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം പഠിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി റിപ്പോർട്ട് ക്ഷേത്ര ഭരണസമിതിക്ക് അനുകൂലമായിരിക്കുമെന്ന സൂചന വന്നു. ഇതോടെ ആരോഗ്യസർവകലാശാല അധികൃതർ വി. സദാശിവനുമായി ചർച്ച നടത്തി. ഒടുവിൽ നിബന്ധനയിലെ കിടക്കകളുടെ എണ്ണം 300 ആയി ചുരുക്കി.

ഇതിനിടെ വി. സദാശിവന്റെ നേതൃത്വത്തിൽ ഓച്ചിറ പരബ്രഹ്മ ആശുപത്രിയെ അതിവേഗം ഏഴ് നില കെട്ടിടമായി ഉയർത്തി 300 കിടക്കകൾ സജ്ജമാക്കി. ഈ ഘട്ടത്തിൽ കേരളത്തിലുണ്ടായ അധികാരമാറ്റം വീണ്ടും തടസമായി. പക്ഷെ വി. സദാശിവൻ തളർന്നില്ല. അദ്ദേഹം മുഖ്യമന്ത്രിയെ പലതവണ നേരിൽ കണ്ട് 2016ൽ കോളേജിനുള്ള അനുമതി വാങ്ങിയെടുത്തു. 40 സീറ്റുള്ള ഒരു ബി.എസ്‌സി നഴ്സിംഗ് ബാച്ചാണ് അനുവദിച്ചത്. പക്ഷെ അപ്പോഴേക്കും ആ അദ്ധ്യയന വർഷത്തെ കേന്ദ്രീകൃത നഴ്സിംഗ് പ്രവേശന നടപടികൾ അവസാനിച്ചിരുന്നു. നഴ്സിംഗ് പഠനം ആഗ്രഹിച്ച പലരും സീറ്റ് കിട്ടാതെ മറ്റ് കോഴ്സുകൾക്ക് ചേർന്നു. എന്നാൽ വി. സദാശിവൻ പ്രദേശത്തെ വിദ്യാർത്ഥികളെ വീട്ടിൽ ചെന്ന് കണ്ട് പ്രചോദിപ്പിച്ച് കോളേജിൽ അഡ്മിഷൻ എടുപ്പിക്കുകയായിരുന്നു. ആദ്യബാച്ച് മികച്ച വിജയം നേടി പുറത്തിറങ്ങിയപ്പോൾ അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.