പി എം ശ്രീ കരാറിൽ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി, സിപിഐ നടപടി കടുപ്പിക്കാൻ സാദ്ധ്യത

Monday 27 October 2025 8:41 AM IST

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സർക്കാർ പിൻമാറണം എന്ന് ഉറച്ച നിലപാടുള്ള സിപിഐ നിലപാട് കടുപ്പിക്കുമോ എന്ന് ആശങ്ക. ഇന്ന് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ചേർന്ന് തീരുമാനം എടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് കരാറിൽ നിന്നും പിന്നോട്ട് പോകുക പ്രയാസമാണെന്ന് അറിയിച്ചതായാണ് സൂചന. പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറുമായി മുന്നോട്ടുപോകുമെന്നും ഫണ്ട് പ്രധാനമാണെന്നും സിപിഐയെ അറിയിച്ചെന്നാണ് വിവരം.

കടുത്ത നിലപാട് എടുക്കരുതെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം മുഖ്യമന്ത്രിയെ ബിനോയ് വിശ്വവും എതിർപ്പ് അറിയിച്ചെന്നാണ് സൂചന. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ ആശയപരമായും രാഷ്‌ട്രീയപരമായും ശരിയായ തീരുമാനം എടുക്കുമെന്നാണ് ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിളിച്ചു എന്ന വാർത്തയും അദ്ദേഹം തള്ളി. മന്ത്രിസഭായോഗത്തിൽ നിന്നും മന്ത്രിമാരെ പിൻവലിക്കുന്നതടക്കം തീരുമാനം എടുക്കുമോ എന്നതാണ് ഇന്ന് അറിയാനാകുക. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ചയില്ലാതെ കരാർ ഒപ്പിട്ടു എന്ന വികാരമാണ് സിപിഐക്കുള്ളത്.

ഇരു പാർട്ടികളുടെയും മുഖം രക്ഷിക്കുന്ന സമവായത്തിലെത്താനുള്ള ശ്രമങ്ങളും മുന്നണി നേതൃത്വം നടത്തുന്നുണ്ട്. ഇന്ന് രാവിലെ 10നാണ് ആലപ്പുഴ ജില്ലാക്കമ്മിറ്റി ഓഫീസിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം. രാവിലെ 10 മുതൽ മുഖ്യമന്ത്രിയും ആലപ്പുഴയിലുണ്ട്. വൈകുന്നേരം അഞ്ചു മണിക്ക് പുന്നപ്ര വയലാർ വാർഷിക പൊതുസമ്മേളനം വയലാറിൽ ഉദ്ഘാടനം ചെയ്യുമ്പാേൾ, ആ വേദിയിൽ സി.പി.ഐ സംസ്ഥാന‌ സെക്രട്ടറി ബിനോയ് വിശ്വവും ഉണ്ടാവും. അതിനുമുമ്പ് പ്രശ്നം അവസാനിപ്പിക്കണമെന്ന ചിന്ത ഇരുപക്ഷത്തുമുണ്ട്.