'ട്വിസ്റ്റോട് ട്വിസ്റ്റ്'; ഒരു മേയർ ബിജെപിയിലേക്ക്, മറ്റൊരാൾ കോൺഗ്രസിലേക്ക്?

Monday 27 October 2025 9:55 AM IST

തൃശൂർ: കോർപറേഷൻ മേയർ എംകെ വർഗീസ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. കോർപറേഷൻ ഭരണവും തൃശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി കലുങ്ക് സംവാദങ്ങളിൽ പറഞ്ഞിരുന്നു. ഞായറാഴ്ച തൃശൂർ നഗരത്തിൽ നടത്തിയ കോഫി ടെെംസിലും മേയറോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്.

'കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് ഭരണാധികാരികൾ തുരങ്കം വച്ചു. കളക്ടറുടെ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കാൻ നടപടി സ്വീകരിക്കുകയാണ്. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയറല്ല. അദ്ദേഹം ഇതിനെതിരെ എന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ എനിക്കറിയാം'- എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഇതിനിടെ പാലക്കാട് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ട സംഭവത്തിൽ പ്രമീളയെ പിന്തുണച്ചും വിമർശിച്ചും ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് നീക്കം.

കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയം ബൈപാസ് ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമ്മിച്ചത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. എന്നാൽ പ്രമീള രാഹുലിനൊപ്പം വേദി പങ്കിടുകയായിരുന്നു. സംഭവത്തിൽ പ്രമീള വിശദീകരണം നൽകിയിട്ടുണ്ട്. എംഎൽഎ ഫണ്ട് ആയതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് പ്രമീളയുടെ വാദം.