വൈറലാകാൻ വിദേശികൾ പോലും ഇന്ത്യയെ നാണം കെടുത്തുന്നു, ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവതിക്കെതിരെ വിമർശനം
ട്രെയിനിന്റെ ജനൽ തുടച്ചു വൃത്തിയാക്കിയ ശേഷം മാലിന്യം നിറഞ്ഞ ടിഷ്യൂ ട്രാക്കിലേക്ക് വലിച്ചെറിയുന്ന ഒരു വിദേശ വനിതയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എസി കോച്ചിലെ ജനാല വൃത്തിയാക്കുന്ന യുവതിയുടെ ദൃശ്യങ്ങളായിരുന്നു ഇത്. പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച വെള്ളം ജനലിൽ ഒഴിച്ച് ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കം.
എന്നാൽ ഇതിനു ശേഷം കാഴ്ചക്കാരെ ഞെട്ടിച്ചുകൊണ്ട് യുവതി വൃത്തിയാക്കാൻ ഉപയോഗിച്ച ടിഷ്യൂ പേപ്പറും കുപ്പിയും ട്രാക്കിലേക്ക് വലിച്ചെറിയുന്നതായിട്ടാണ് കാണുന്നത്. വൃത്തിയാക്കുകയെന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ വൃത്തിയാക്കിയ ശേഷമുള്ള യുവതിയുടെ പ്രവൃത്തിയാണ് വ്യാപക വിമർശനത്തിന് കാരണമായത്. യുവതിയുടെ പ്രവൃത്തിയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ പലരും കടുത്ത നിരാശയാണ് രേഖപ്പെടുത്തിയത്.
വീഡിയോ വൈറലാക്കാൻ വേണ്ടി വിദേശികൾ പോലും ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയെന്ന ഒട്ടേറെ കമന്റുകളാണ് ലഭിച്ചത്. 'ഇന്നത്തെ കാലത്ത് ആളുകൾക്ക് ബുദ്ധിയില്ല. ലൈക്കിനും കമന്റിനും വേണ്ടി എന്തും ചെയ്യും'- ഒരാൾ കമന്റു ചെയ്തു. പൊതുബോധം എന്താണെന്ന് മറന്നു കൊണ്ട് കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളുകളെയാണ് ഇത്തരം സംഭവങ്ങളിലൂടെ തുറന്ന് കാണിക്കുന്നത്'- മറ്റൊരാൾ കമന്റു ചെയ്തു.