ആറുമാസത്തിനിടെ ഡൗൺലോഡ് ചെയ്തത് ആറ് ദശലക്ഷം വിപിഎൻ; പ്രവാസികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ

Monday 27 October 2025 12:09 PM IST

അബുദാബി: കഴിഞ്ഞ അഞ്ചര വർഷത്തിനിടെ വിർച്വൽ പ്രൈവറ്റ് ലിമിറ്റഡ് (വിപിഎൻ) ആപ്ളിക്കേഷനുകൾ ഏറ്റവും കൂടുതൽ ലഭിച്ചത് യുഎഇയിലെന്ന് റിപ്പോർട്ട്. സൈബർ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം യുഎഇയിലെ വിപിഎൻ സ്വീകാര്യത നിരക്ക് 65.78 ശതമാനമാണ്. 55.43 ശതമാനവുമായി ഖത്തർ ആണ് രണ്ടാമത്. 38.23 ശതമാനവുമായി സിംഗപ്പൂർ മൂന്നാം സ്ഥാനത്തുണ്ട്.

2025ലെ ആദ്യ ആറുമാസം മാത്രം യുഎഇ നിവാസികൾ 6.11 ദശലക്ഷം വിപിഎൻ ആപ്പുകളാണ് ഡൗൺലോഡ് ചെയ്തത്. യുഎഇ ജനസംഖ്യാ നിരക്കിന്റെ വളർച്ചയും വിപിഎൻ ഉപയോഗവും ഒരേപാതയിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വിപിഎൻ ആപ്പുകൾ ഉപയോഗിക്കാൻ യുഎഇയിൽ അനുമതിയുണ്ടെങ്കിലും അവരുടെ ദുരുപയോഗത്തിന് കനത്ത പിഴയൊടുക്കേണ്ടി വരും.

കുറ്റകൃത്യങ്ങൾ, വെബ്‌സൈറ്റുകളിൽ പ്രവേശിക്കാൻ മറ്റുള്ളവരുടെ ഐപി അഡ്രസ് തട്ടിയെടുക്കുന്നതിന്, യുഎഇ സർക്കാർ നിരോധിച്ച ആപ്പുകളും ഗെയിമിംഗ് പ്ളാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിന് തുടങ്ങിയവക്കായി വിപിഎൻ ഉപയോഗിക്കുന്നത് കുറ്റകരമാണ്. നിയമലംഘകർക്ക് 500000 ദി‌ർഹം മുതൽ ദശലക്ഷം ദി‌ർഹം വരെയാണ് പിഴ.

ജിസിസി രാജ്യങ്ങളിൽ വിപിഎന്നിന്റെ ഉയർന്ന സ്വീകാര്യത നിരക്കിന് കാരണം വാട്ട്‌സ്ആപ്പ്, സ്കൈപ്പ്, ഫേസ്‌ടൈം എന്നിവ ഉപയോഗിക്കുന്ന വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സേവനങ്ങളുടെ നിയന്ത്രണമാണ്. ഇന്റർനെറ്റ് സെൻസർഷിപ്പ്, വ്യക്തിഗത സ്വകാര്യത എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ആഗോളതലത്തിൽ വിപിഎൻ ഉപയോഗം വർദ്ധിച്ചുവരികയാണെന്ന് സൈബർന്യൂസ് ചൂണ്ടിക്കാട്ടി.