പി എം ശ്രീ വിവാദങ്ങളിൽ ചർച്ച; ബിനോയ് വിശ്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
ആലപ്പുഴ: പി എം ശ്രീ വിവാദങ്ങൾക്കിടെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 3.30ന് ആലപ്പുഴയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് കരാറിൽ നിന്നും പിന്നോട്ട് പോകുക പ്രയാസമാണെന്ന് അറിയിച്ചതായാണ് സൂചന. പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറുമായി മുന്നോട്ടുപോകുമെന്നും ഫണ്ട് പ്രധാനമാണെന്നും സിപിഐയെ അറിയിച്ചെന്നാണ് വിവരം.
കടുത്ത നിലപാട് എടുക്കരുതെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം മുഖ്യമന്ത്രിയെ ബിനോയ് വിശ്വവും എതിർപ്പ് അറിയിച്ചെന്നാണ് സൂചന. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ ആശയപരമായും രാഷ്‌ട്രീയപരമായും ശരിയായ തീരുമാനം എടുക്കുമെന്നാണ് ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. മന്ത്രിസഭായോഗത്തിൽ നിന്നും മന്ത്രിമാരെ പിൻവലിക്കുന്നതടക്കം തീരുമാനം എടുക്കുമോ എന്നതാണ് ഇന്ന് അറിയാനാകുക. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ചയില്ലാതെ കരാർ ഒപ്പിട്ടു എന്ന വികാരമാണ് സിപിഐക്കുള്ളത്.
പി എം ശ്രീ പദ്ധതി നടപ്പാക്കും, പാഠ്യപദ്ധതി സംസ്ഥാനം തീരുമാനിക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞത്. രണ്ട് പാർട്ടികൾക്കുമിടയിലെ തൃപ്‌തിയുടെയും അതൃപ്‌തിയുടെയും വിഷയമല്ല. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ രാഷ്ട്രീയമാണ്. ധാരണാപത്രം പിൻവലിക്കണമെന്നതിൽ സിപിഐ ഉറച്ചു നിൽക്കുന്നു. സിപിഎം നിലപാട് വ്യക്തമാക്കട്ടെ. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നത് ചില സിപിഎം നേതാക്കൾ മാത്രം സ്വീകരിച്ചിരിക്കുന്ന നിലപാടാണെന്നും ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.