'ആലപ്പുഴയുടെ കാറ്റേറ്റാൽ ചിത്തഭ്രമം ഭേദമായേക്കും'; സുരേഷ് ഗോപിക്ക് ചുട്ടമറുപടി നൽകി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്

Monday 27 October 2025 2:45 PM IST

ആലപ്പുഴ: കമ്യൂണിസം കൊണ്ട് ആലപ്പുഴ തുലഞ്ഞുപോയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിമർശനത്തിന് രൂക്ഷമായി മറുപടി നൽകി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ആലപ്പുഴയുടെ കാറ്റേറ്റാൽ ചിത്തഭ്രമം കുറച്ച് ഭേദമായേക്കുമെന്ന് ശിവപ്രസാദ് കുറിച്ചു.

'ചെരുപ്പ് ഊരി വീട്ടിൽ കയറുന്നത് പോലെയാണ് ബുദ്ധിയും ബോധവും ഉപേക്ഷിച്ച് ആർഎസ്എസിൽ ചേരുന്നത്. ഇതിന്റെ നല്ല ഉദാഹരണമാണ് കേന്ദ്ര പ്രജാ പ്രമുഖൻ സുരേഷ് ഗോപി. ആലപ്പുഴയുടെ സമര ചരിത്രത്തെ അപഹസിക്കുന്ന ഈ മന്ത്രിപുങ്കവൻ ഇവിടേക്ക് വന്ന് ആലപ്പുഴയുടെ കാറ്റ് ഏറ്റാൽ, മണ്ണിൽ ഒന്ന് തൊട്ടാൽ ഒരു പക്ഷെ മറ്റ് ചികിത്സകളില്ലാതെ ബാധിച്ചിരിക്കുന്ന ചിത്തഭ്രമം കുറച്ച് ഭേദം ആയേക്കുമെന്ന് പ്രത്യാശിക്കാം. ആലപ്പുഴയിലെ കാറ്റിനും, കടലിനും, മണ്ണിനും, വിണ്ണിനുമെല്ലാം ഒരു കഥ പറയാനുണ്ട്. ത്രസിപ്പിക്കുന്ന തൊഴിലാളി വർഗ്ഗ പോരാട്ടത്തിന്റെ ഉജ്ജ്വല സമര ചരിത്ര കഥ'- ശിവപ്രസാദ് കുറിച്ചു.

തൃശൂരിൽ എസ്ജി കോഫി ടൈംസ് പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി വിവാദ പരാമർശം നടത്തിയത്. 'ആലപ്പുഴയിൽ ഒരു ആശുപത്രിയിലും ജനങ്ങൾക്ക് സൗകര്യമില്ല. ആലപ്പുഴയ്‌ക്ക് എയിംസ് ലഭിക്കാൻ തൃശൂർകാർ വടക്കുന്നാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർത്ഥിക്കണം. 2016ൽ പറഞ്ഞ കാര്യമാണ് എയിംസ് ആലപ്പുഴയ്ക്ക് വേണമെന്ന്. ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നു. തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇതിൽ കാണുന്നത്. നിലപാടുകളിൽ ഒറ്റത്തന്തയ്ക്ക് പിറന്നവനാണ്. കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ജില്ലയാണ് ആലപ്പുഴ. ഇല്ലായ്മയിൽ കിടക്കുന്ന ഈ ജില്ലയെ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്'- സുരേഷ് ഗോപി പറഞ്ഞു.