ചെറിയ സ്ഥലത്തുപോലും വിജയകരമായി വിളയിക്കാം; പാഷൻ ഫ്രൂട്ട് കൃഷി ചെയ്യേണ്ടത് എങ്ങനെ

Monday 27 October 2025 3:10 PM IST

കുറഞ്ഞ സ്ഥലത്ത് പോലും കൂടുതൽ വിളവും വരുമാനം തരുന്ന കൃഷിയാണ് പാഷൻഫ്രൂട്ട്. വിപണിയിൽ മിക്കപ്പോഴും ഹൈബ്രിഡ് ഇനങ്ങൾക്ക് കൂടുതൽ വിലയാണ് ലഭിക്കാറുള്ളത്. പാഷൻഫ്രൂട്ട് കൃഷിക്ക് വിത്തുകൾ മുളപ്പിച്ചും വള്ളികൾ മുറിച്ച് നട്ടും തൈകൾ ഉൽപാദിപ്പിക്കാം. വള്ളികൾ മുറിച്ച് നടുന്നവ കൂടുതൽ വേഗത്തിൽ കായ്ക്കുമെന്നാണ് കർഷകർ പറയുന്നത്.

പാഷൻഫ്രൂട്ട് കൃഷി ചെയ്യേണ്ട രീതി : മൂപ്പെത്തിയ വള്ളികഷ്ണങ്ങൾ 25 മുതൽ 30 സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുക്കണം. ഓരോ തണ്ടിലും അഞ്ച് ഇലകളെങ്കിലും വേണം. മൂന്നു മീറ്റർ അകലത്തിൽ അര മീറ്റർ നീളവും വീതിയുമുള്ള കുഴിയിൽ മേൽമണ്ണും പത്തുകിലോഗ്രാം കമ്പോസ്റ്റും ചേർത്ത് ഇളക്കി വേണം തൈ നടേണ്ടത്. വർഷംതോറും മഴക്കാലത്ത് രണ്ടുതവണകളായി 220 ഗ്രാം യൂറിയ, 55ഗ്രാം ഫോസ്ഫേറ്റ്, 170 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം.

ഒരു വള്ളിയിൽ നിന്ന് ശരാശരി ഏഴുമുതൽ എട്ടുകിലോഗ്രാം കായ്കൾ ലഭിക്കും. നല്ല വിളവ് ലഭിക്കാൻ ഒന്നരവർഷത്തെ വളർച്ച വേണം. പൂക്കൾ കായ്കളാകാൻ മൂന്നുമാസമാണ് പരമാവധി വേണ്ടത്. വയലറ്റ്, മഞ്ഞ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടാണ് കൂടുതലായി കൃഷി ചെയ്യുന്നത്. അതേസമയം പാഷൻ ഫ്രൂട്ടിൽ കീടരോഗ സാദ്ധ്യതകൾ വളരെ കുറവാണ്. വിളവെടുപ്പ് കഴിഞ്ഞ് പ്രൂണിംഗ് നടത്തിയാൽ കൂടുതൽ ശിഖരങ്ങൾ പൊട്ടിമുളയ്ക്കുകയും കൂടുതഠ കിട്ടുകയും ചെയ്യും.