ന്യൂസിലൻഡിലുണ്ട് മലയാളം വായനശാല

Monday 27 October 2025 5:07 PM IST

കൊച്ചി: കടലുകൾക്ക് അക്കരെ ന്യൂസിലൻഡിലും മലയാളം വായനശാലയുണ്ട്. പ്രവാസികൾക്ക് വായനശാലയിലെത്തി പുസ്‌തകങ്ങൾ വായിക്കാം. എത്താൻ, അസൗകര്യമുള്ളവർക്കടുത്തേയ്‌ക്കു പുസ്തകമെത്തും. ഏറ്റവും പുതിയ മലയാളം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് വായനശാല.ന്യൂസിലൻഡിലെ പടിഞ്ഞാറൻ തീരനഗരമായ ന്യൂപ്ലിമൗത്തിലെ സ്വന്തം വീട്ടിലാണ് അങ്കമാലി സ്വദേശി ജോബിൻ ജോർജ് മലയാളം ലൈബ്രറി ഒരുക്കിയത്.

ന്യൂപ്ലിമൗത്തിലെ മലയാളി സമാജവുമായി സഹകരിച്ച് ജോബിൻ ജോർജ് രൂപീകരിച്ച വായനക്കൂട്ടം എന്ന ഫോണിൻ ഗ്രൂപ്പ് വഴിയും പുസ്തകം വിതരണം ചെയ്യുന്നുണ്ട്. പുസ്തക പട്ടികയിലെ ആവശ്യപ്പെടുന്ന കൃതികൾ സൗജന്യമായി ജോബിൻ എത്തിച്ചു കൊടുക്കും. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചുവാങ്ങുകയാണ് രീതി. ന്യൂസിലൻഡിലെ മലയാളി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന മലയാളി കാഴ്ച എന്ന യൂട്യൂബ് ചാനലും ജോബിൻ നടത്തിവരുന്നുണ്ട്.

 പുസ്തക കലവറ

എം.ടി വാസുദേവൻ നായർ, പി. കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, പെരുമ്പടവം ശ്രീധരൻ തുടങ്ങിയ പ്രമുഖരുടെ പുസ്‌തകങ്ങൾ ലൈബ്രറിയിലുണ്ട്. ഇവരുടെ കൈയെഴുത്തിലുള്ള കത്തുകളുടെ സമാഹാരമാണ് ഏറ്റവും പുതിയ പുസ്‌തകം.

പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണൻ രചിച്ച 'കത്തുകളുടെ പുസ്തകം" ആണ് പുതിയ അതിഥി. ഒ.വി. വിജയനും മുട്ടത്തുവർക്കിയും, സൽക്കഥകൾ, വിശുദ്ധ സസ്യങ്ങളും വ്രതങ്ങളും തുടങ്ങിയ പായിപ്രയുടെ പുസ്തകങ്ങളും ലഭ്യമാണ്.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കത്തുകളുടെ പുസ്തകത്തിലൂടെ മലയാള എഴുത്തുകാരുടെ സ്വന്തം കൈപ്പടയിലുള്ള കത്തുകൾ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രദർശിപ്പിക്കും

ജോബിൻ ജോർജ്