കീഴുദ്യോഗസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി ഭീഷണി യുവാവ് ബംഗ്ലരൂവിൽ നിന്ന് അറസ്റ്റിൽ
കൊച്ചി: സ്വകാര്യ സ്ഥാപനത്തിൽ പരിശീലനത്തിന് എത്തിയ യുവതിയുടെ മൊബൈൽ ഫോൺ കൈക്കലാക്കി സ്വകാര്യദൃശ്യങ്ങൾ ചോർത്തുകയും പരസ്യപ്പെടുത്താതിരിക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം ബംഗളുരൂവിൽ നിന്നാണ് പിടികൂടിയത്.
കടവന്ത്രയിലെ സ്ഥാപനത്തിൽ മാനേജരായിരുന്ന മലപ്പുറം എടപ്പാൾ പെരിഞ്ഞിപ്പറമ്പിൽ അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോൺ വാങ്ങുന്നത് പരിശോധനയ്ക്കെന്ന വ്യാജേന
ഫോണിന്റെ വൈഫൈ കണക്ഷൻ പരിശോധിക്കാനെന്ന വ്യാജേനയാണ് ഫോൺ വാങ്ങിയത്. തുടർന്ന് യുവതിയുടെ അനുമതിയില്ലാതെ വാട്സാപ്പും ഗ്യാലറിയും പരിശോധിച്ച് സ്വകാര്യദൃശ്യങ്ങളുൾപ്പെടെ സ്വന്തം മൊബൈൽ ഫോണിലേക്ക് പകർത്തുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഫോൺ വാങ്ങുന്നതിൽ യുവതി സംശയം പ്രകടിപ്പിച്ചെങ്കിലും സെക്യുരിറ്റി ആവശ്യങ്ങൾക്കായി പരിശോധിച്ചെന്നായിരുന്നു ഇയാളുടെ വിശദീകരണം.
ഭീഷണിയെത്തിയത് ബംഗളൂരുവിൽ നിന്ന്
യുവതിയോടുള്ള മോശം പെരുമാറ്റത്തിനും മദ്യപിച്ച് ഓഫീസിലെത്തി ബഹളം വച്ചതിനും മാനേജ്മെന്റ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തുടർന്നാണ് ബംഗളൂരുവിലേക്ക് കടന്നത്. ഇവിടെ കഴിയവെയാണ് യുവതിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യപ്പെടുത്തുമെന്നും പോൺ സൈറ്റിൽ അപ്പ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി.
തുടർന്ന് യുവതി കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പ്രതിയുമായി തെളിവെടുപ്പ്
യുവതികളോട് മോശമായി പെരുമാറുന്നത് പതിവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുമായി ജോലി ചെയ്ത സ്ഥാപനത്തിൽ ഇന്നലെ തെളിവെടുപ്പ് നടത്തി. യുവതിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെ കണ്ടെടുത്തു. ഐ.ടി ആക്ട്, ബി.എൻ.എസ് വകുപ്പുകൾ ചുമത്തിയാണ് കേസ്. കടവന്ത്ര എസ്.എച്ച്.ഒ മഹേഷ് കുമാർ, എസ്.ഐ കെ. ഷാഹിന, എസ്.ഐ കെ.ആർ.പ്രവീൺ, സീനിയർ സി.പി.ഒ സലീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.