ഒരു കിലോമീറ്ററിന് 63 കോടി രൂപ; കേരളത്തിലെ ഏറ്റവും ചെലവേറിയ ബൈപ്പാസില്‍ യാത്രയ്ക്ക് അനുമതി

Monday 27 October 2025 6:53 PM IST

കോഴിക്കോട്: കേരളത്തിലെ ഏറ്റവും ചെലവേറിയ ബൈപ്പാസിലൂടെയുള്ള യാത്രയ്ക്ക് അനുമതി നല്‍കി ദേശീയപാത അതോറിറ്റി. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര - വേങ്ങളം ബൈപ്പാസിലാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2021 ഓഗസ്റ്റിലാണ് പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 28.4 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപ്പാസ് നിര്‍മാണത്തിന് 1700 കോടി രൂപയാണ് ചെലവായത്. ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കണ്‍സ്ട്രക്ഷന്‍സ് ആണ് ബൈപ്പാസ് നിര്‍മിച്ചത്.

15 വര്‍ഷത്തേക്ക് ബൈപ്പാസിന്റെ അറ്റകുറ്റപ്പണിയും പരിപാലനവും കമ്പനിക്ക് തന്നെയാണ്. ഒരു കിലോമീറ്ററിന് 63 കോടി രൂപയാണ് ചെലവ് വന്നത്. ഇത് സംസ്ഥാനത്തെ ബൈപ്പാസ് നിര്‍മാണത്തിലെ തന്നെ ഉയര്‍ന്ന തുകയാണ്. ബൈപ്പാസിന്റെ ഭാഗമായി കൂടുതല്‍ ഫ്‌ളൈഓവറുകള്‍ നിര്‍മിക്കേണ്ടി വന്നതാണ് നിരക്ക് ഉയരാന്‍ കാരണം. സ്വതന്ത്ര എഞ്ചിനീയര്‍, നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്റ്റ് ഓഫീസര്‍, തിരുവനന്തപുരത്തെ മേഖലാ ഓഫിസര്‍ എന്നിവരുടെ പരിശോധനയ്ക്കു ശേഷമാണു ദേശീയപാത അതോറിറ്റി നിര്‍മാണ കമ്പനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ്മാള്‍, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണു ഫ്‌ലൈ ഓവറുകളുള്ളത്. പാതയിലേക്കു കയറാനും പുറത്തിറങ്ങാനുമായി 19 ഇടങ്ങള്‍ വീതം ഇരുവശത്തും നല്‍കിയിട്ടുണ്ട്. സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകാത്ത ചില സ്ഥലങ്ങളില്‍ താല്‍ക്കാലിക എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ അധികമായി നല്‍കിയിട്ടുണ്ട്. സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുന്നതോടെ ഇവ അടയ്ക്കും.

പാലങ്ങളുമായി ബന്ധപ്പെട്ട് ബാക്കിയുള്ള പണികള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം പാതയിലെ ടോള്‍ പിരിവ് ആരംഭിക്കുമെന്നാണ് അറിയുന്നത്. നിരക്ക് ദേശീയപാത അതോറിറ്റി അംഗീകരിച്ച്, വിജ്ഞാപനം ചെയ്താലുടന്‍ ടോള്‍ പിരിവ് തുടങ്ങും.