ഇക്‌ഷക്: കൂറ്റൻ സർവേ കപ്പൽ നേവിക്ക് സ്വന്തം
കൊച്ചി: നാവികസേന ആഭ്യന്തരമായി രൂപകല്പന ചെയ്‌തു നിർമ്മിച്ച വലിയ സർവേ കപ്പലായ ഇക്‌ഷക് നവംബർ ആറിന് കൊച്ചിയിൽ കമ്മിഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. തൃപാഠി കപ്പലിനെ സേനയുടെ ഭാഗമായി പ്രഖ്യാപിക്കും.
കപ്പൽ നിർമ്മാണം, സ്വദേശിവത്കരണം എന്നിവയിലെ നിർണായകനേട്ടവും മികവുമാണ് ഇക്‌ഷക് എന്ന് നാവികസേന അറിയിച്ചു.
സർവേയാണ് പ്രാഥമികലക്ഷ്യമെങ്കിലും ദുരന്തങ്ങളിൽ രക്ഷാദൗത്യം, മാനുഷിക സേവനങ്ങൾ എന്നിവയ്ക്കും സജ്ജമാണ്. അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയായി മാറ്റാനും കഴിയും. വനിതകൾക്ക് പ്രത്യേക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. വഴികാട്ടി എന്നാണ് ഇക്‌ഷക് എന്ന പേരിന്റെ അർത്ഥം.
മൂന്നാമത്തെ സർവേ കപ്പൽ
സേനയുടെ മൂന്നാമത്തെ സർവേ കപ്പലാണിത്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സിലാണ് കപ്പൽ നിർമ്മിച്ചത്. കൊൽക്കത്ത കേന്ദ്രമായ ഡയറക്ടറേറ്റ് ഒഫ് വാർഷിപ്പ് ഓവർസീയിംഗ് ടീം മേൽനോട്ടം വഹിച്ചു. കപ്പലിന്റെ 80 ശതമാനം ഭാഗങ്ങളും ഇന്ത്യൻ ഉത്പന്നങ്ങളാണ്.