സമയപരിധി അവസാനിച്ചു; ര‌ഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി

Monday 27 October 2025 8:55 PM IST

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം നോർത്ത് പൊലീസിൽ രജിസ്‌റ്റർ ചെയ്‌ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. 15 വർഷം മുൻപ് നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്‌ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചതിനാൽ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് സി.പ്രദീപ് കേസ് റദ്ദാക്കിയത്.

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ 2024ലാണ് ബംഗാളി നടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്. 2009ൽ സിനിമാ ചർച്ചയ്‌ക്കായി വിളിച്ചുവരുത്തി ലൈംഗിക താൽപര്യത്തോടെ ദേഹത്ത് കടന്ന്പിടിക്കാൻ ശ്രമിച്ചെന്നാണ് നടി നൽകിയ പരാതി. ഇതുപ്രകാരം ഐപിസി 354, 509 വകുപ്പുകൾ പ്രകാരം രഞ്ജിത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.

രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ മജിസ്ട്രേറ്റ്‌ കോടതിക്ക് കേസെടുക്കാൻ കഴിയുന്ന കാലാവധി മൂന്നു വർഷം വരെയാണ്. എന്നാൽ, ഇവിടെ 15 വർഷത്തിന് ശേഷമാണ് ര‌ഞ്ജിത്തിനെതിരെ യുവതി പരാതി നൽകിയത്. അതിനാൽ, കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു. 2013 മുതലാണ് ഐപിസി 354 പ്രകാരമുള്ള കേസുകൾക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷയാക്കിയതും ജാമ്യമില്ലാകുറ്റമാക്കിയതും.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലെ ആദ്യത്തെ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ര‌ഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയത്. തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ സമ്മർദ്ദത്തിലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജി വച്ചത്.

കോഴിക്കോട് സ്വദേശിയായ യുവാവിനെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ര‌ഞ്ജിത്തിനെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തെങ്കിലും ജൂലായിൽ കർണാടക ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു.