കളരിയുടെ സ്വന്തം കുനിശ്ശേരിക്ക് അനന്തപുരിയിലും പൊൻതിളക്കം

Tuesday 28 October 2025 1:47 AM IST
ഏകലവ്യ കളരിയിലെ വിദ്യാർത്ഥികൾ ഗുരു സുനിൽ സുബ്രഹ്മണ്യത്തിനൊപ്പം

തിരുവനന്തപുരം: കളരിയിൽ കുട്ടി വിപ്ലവം നടക്കുന്ന പാലക്കാട് കുനിശ്ശേരി ഗ്രാമത്തിന് അന്തപുരിയിലും പൊൻതിളക്കം. സംസ്ഥാന സ്കൂൾ കായിക മേളയിൽ സെൻട്രൽ സ്റ്റേഡിയം വേദിയാകുന്ന,​ മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ കളരിപ്പയറ്റിൽ ജൂനിയർ പെൺകുട്ടികളുടെ വടിപ്പയറ്റിൽ സ്വർണം നേടിയ നിവേദ്യ.വിയും പുണ്യശ്രീ.എസും കുനിശ്ശേരി സ്വദേശികളും ഇവിടെ കളരിയുടെ പ്രചാരണത്തിന് ചാലക ശക്തിയായ ഏകലവ്യ കളരിയിലെ വിദ്യാർത്ഥികളുമാണ്. കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരും ഒരേ ക്ലാസിൽ തന്നെയാണ് പഠിക്കുന്നത്.

മുന്നൂറോളം കുട്ടികൾ

സുനിൽ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ സൊസൈറ്റി ആക്‌ട് പ്രകാരം രജിസ്റ്ര‌ർ ചെയ്ത് പ്രവർത്തിക്കുന്ന ഏകലവ്യ കളരിയിൽ കുനിശ്ശേരിക്കാരായ മുന്നൂറോളം കുട്ടികളാണ് പരിശീലിക്കുന്നത്. പ്രൈവറ്റ് സ്‌കൂൾ അദ്ധ്യാപകനായിരുുന്ന സുനൽ 2014ലാണ് ഏകലവ്യ കളരി അക്കാഡമി തുടങ്ങിയത്. തുടക്കത്തിൽ ഒരു കുട്ടിയെ മാത്രം പരിശീലിപ്പിച്ച് തുടങ്ങിയയിടത്തു നിന്നുമാണ് ഇപ്പോൾ ശിഷ്യരുടെ എണ്ണം 300ൽ എത്തി നിൽക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് പ്രധാനമായും പരിശീലനം. ഏഴ് വർഷം കഴി‌ഞ്ഞ 25 ഓളം കുട്ടികൾക്ക് എല്ലാ ദിവസവും ക്ലാസെടുക്കുന്നുണ്ട്.