പരുമല തിരുമേനി വിശ്വാസത്തിന്റെ പ്രകാശഗോപുരം: കാതോലിക്കാ ബാവാ
പരുമല : എല്ലാ മനുഷ്യരിലും ദൈവചൈതന്യം കണ്ട വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അഭിപ്രായപ്പട്ടു. പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥാടന വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവാ.
സഭയ്ക്കോ ക്രൈസ്തവ സമൂഹത്തിനോ മാത്രം അല്ല, സർവമനുഷ്യരുടെയും നന്മയ്ക്കായി ജീവിച്ച വിശുദ്ധനായിരുന്നു തിരുമേനിയെന്നും, ജാതിവിവേചനത്തെയും അസമത്വത്തെയും വിദ്യാഭ്യാസം വഴി മറികടക്കാൻ അദ്ദേഹം പരിശ്രമിച്ചതായും ബാവാ ഓർമ്മപ്പെടുത്തി. മലയാളക്കരയ്ക്ക് വെളിച്ചം വിതറിയ പ്രകാശഗോപുരമായാണ് കാലം പരുമല തിരുമേനിയെ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.സി.ടി.അരവിന്ദ് കുമാർ മുഖ്യസന്ദേശം നൽകി.
പൗരോഹിത്യ കനകജൂബിലിയുടെ ഭാഗമായി സഹോദരൻ പദ്ധതിയിലൂടെ 100 സ്വപ്നഭവനങ്ങൾ നിർമ്മിക്കുമെന്ന് ബാവാ പ്രഖ്യാപിച്ചു. പദ്ധതിയുടെ ലോഗോ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സഭയുടെ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാമിന് നൽകി പ്രകാശനം ചെയ്തു. ആദ്യ സംഭാവന റോണി വർഗീസ് ഏബ്രഹാമിൽ നിന്ന് ബാവാ സ്വീകരിച്ചു.
ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, അഡ്വ.ബിജു ഉമ്മൻ, ഫാ.എൽദോസ് ഏലിയാസ്, ഫാ.എം.സി.പൗലോസ്, നിഷ അശോകൻ, ടി.വി.രത്നകുമാരി, വിമല ബെന്നി, മത്തായി ടി.വർഗീസ്, മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി.ജോർജ് എന്നിവർ പ്രസംഗിച്ചു.
തീർത്ഥാടന വാരാഘോഷം തുടങ്ങി; പൗരോഹിത്യ
കനകജൂബിലിയിൽ 100 സ്വപ്നഭവനങ്ങളുടെ പ്രഖ്യാപനം